Friday, August 29, 2008

അദ്ധ്യായം ആറ്

6
ശിശിരത്തിനു ശേഷം..

താഴ്വാരത്തെ ചെരുവില്‍ ഈര്‍പ്പം എപ്പോഴും തങ്ങി നിന്നു. ഇലംബാമേച്ചിയുടെ പിന്നാലെ നടന്നു, കാട്ടു ചേമ്പുകള്‍ വളര്ന്നു കിടന്ന ചോലക്കാടുകളില്‍ എത്തിയപ്പോഴും ഫാബിയോ മാസ്ടറുടെ വാക്കുകള്‍ ചൊക്ലിയുടെ ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു." എനിക്ക് ജാതിയില്ല" എന്ന് ഉച്ചത്തില്‍ ലോകത്തോട്‌ വിളിച്ചു പറയണമെന്ന് തോന്നി.

കഴിഞ്ഞ വര്‍ഷമാണ്‌ ഫാബിയോ മാസ്ടര്‍ മരിച്ചത്. ഉറക്കത്തില്‍ ആയിരുന്നത്രെ മരണം. അപ്പൂപ്പനൊപ്പം അടിമക്കുന്നില്‍ വന്നു കൊണ്ടിരുന്ന കൊച്ചു മെഡയ്റയേയും പിന്നീട് കാണുകയുണ്ടായില്ല. മുന്നിലൂടെ ഒഴുകുന്ന കനാലിനും, കാട്ടു ചെടികള്‍ വളര്ന്നു കാട് പിടിച്ചു കിടന്ന പാഴ് നിലങ്ങള്‍ക്കും, വലിയ വാവലുകള്‍ വിശ്രമിച്ച ജൂട്ടായ്‌ വൃക്ഷത്തിനും അപ്പുറത്ത്, ദൂരെ പോര്ടുഗീസ് ബംഗ്ലാവുകളുടെ ചുമന്ന തലപ്പാവുകള്‍ കണ്ടു. ആ ഓടു മേഞ്ഞ വീടുകളുടെ മുറ്റങ്ങളിലൊന്നില്‍ സ്നേഹവും, സംഗീതവും മാത്രം പകര്ന്നു ജീവിച്ച ഫാബിയോ മാസ്റ്റര്‍ ഉറങ്ങുന്നുണ്ടാകാം. ചൊക്ലി തലയുയര്‍ത്തി, വൃക്ഷ ശാഖികള്‍ക്കിടയിലൂടെ കണ്ട ആകാശത്തിലെ മേഘങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും മാസ്റ്ററുടെ സമാധാന രൂപിയായ ആത്മാവിന്റെ സാനിധ്യമുണ്ടോ എന്ന് വെറുതെ അന്വേഷിച്ചു. ഇല പൊഴിച്ചു നിന്ന വൃക്ഷ ശിഖരങ്ങള്‍ക്കും, നീലപ്പൂക്കള്‍ അണിഞ്ഞു നിന്ന വല്ലികള്‍ക്കുമപ്പുറത്ത് മൂടല്‍ മഞ്ഞല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

"നായകള്‍ ആത്മാക്കളെ ദര്‍ശിക്കുന്നവരാണ്" എന്ന് പറഞ്ഞു പഠിപ്പിച്ച ഇലംബാമേച്ചിയെ ചൊക്ലി സംശയത്തോടെ നോക്കി. കനാലിന്റെ കരിങ്കല്‍ഭിത്തിയോട് ചേര്ന്നു വളരുന്ന കളകള്‍ക്കിടയില്‍ നിന്നു ഒരു തരം വയല്‍ ലില്ലികളെ കിഴവി ശ്രദ്ധയോടെ പിഴുതെടുക്കുന്നുണ്ടായിരുന്നു. മഞ്ഞയില്‍ ചുമന്ന പുള്ളികളുള്ള പുഷ്പങ്ങളുണ്ടാകുന്ന ആ കാട്ടുചെടികളുടെ കിഴങ്ങിനു ഗര്ഭമലസിപ്പിക്കാനുള്ള ശേഷിയുണ്ടെന്നാണ് ഇലംബാ പറഞ്ഞത്.

ഗുരുപിയില്‍ നിന്നു കരിമ്പ്‌ പാടങ്ങളിലേക്ക് ജലമെത്തിക്കാനായി പോര്ടുഗീസുകാര്‍ നിര്മിച്ചതാണത്രെ ആ കനാല്‍. പഴയ കുതിരലായം നില നിന്നിരുന്ന അതേ സ്ഥലത്ത് കൂടെയാണ് അതൊഴുകുന്നത്. ചെരൂബ മരിച്ചതില്‍ പിന്നെ ലായത്തില്‍ കുതിരകള്‍ വാണില്ലത്രേ !. നിലാവുള്ള രാത്രികളില്‍ അവ വിറളി പൂണ്ടു കുതിരക്കാരെ വധിക്കാന്‍ തുടങ്ങി. ഒടുവിലാണ് കനാല്‍ നിര്‍മ്മിക്കാന്‍ പറങ്കികള്‍ ആ പാത തന്നെ തെരഞ്ഞെടുത്തത്. രണ്ടായിരം അടിമകള്‍ പതിനൊന്നു മാസം അദ്ധ്വാനിച്ചിട്ടാണ് ആ കനാല്‍ പൂര്‍ത്തിയായത്. കരിങ്കല്‍ ഭിത്തി കെട്ടാന്‍ മണല്‍ എടുത്ത കുഴിയാണ് പിന്നീട് കനാലില്‍ ഒരു കയമായി രൂപപ്പെട്ടത്. മരണത്തിന്റെ തണുപ്പുള്ള ചുഴികള്‍ ഉള്ളില്‍ സൂക്ഷിച്ചു, ഇരകള്‍ക്കായി കൊതി പൂണ്ടു കാത്തിരിപ്പ്‌ തുടങ്ങിയതോടെ അത് ചെരൂബക്കയം എന്നറിയപ്പെട്ടു തുടങ്ങി.

വന്മരങ്ങളുടെ തലകളെ ഉലച്ചു കൊണ്ടു തണുത്ത കാറ്റ് ചുഴറ്റിയടിച്ചു കൊണ്ടിരുന്നു...! ഗുരുപിയുടെ ഇരു കരകളിലും, അടിമക്കുന്നിന്റെ അടിവാരങ്ങളിലും തഴച്ചു നിന്ന പെര്‍ക്യൂട്ട്‌ മരങ്ങളുടെ അവസാന ഇലയും കൊഴിച്ചു ശീതക്കാറ്റ് ശിശിരത്തെയും കൊണ്ടു പറന്നു പോയി. ഋതു പരിണാമത്തില്‍, വറുതിയുടെ വേനലും കഴിഞ്ഞ്, സാവോ കാര്‍ലോസ്സില്‍ മഴ പെയ്തു തുടങ്ങി. ആകാശ വിതാനത്തില്‍ ഉരുണ്ടു കൂടിയ മേഘങ്ങളില്‍ നിന്നു നേരിയ വെള്ളിനൂല് പോലെ പെയ്തു തുടങ്ങിയ മഴ പിന്നെ പേമാരിയായും, പട്ടണത്തെയാകെ മുക്കിക്കളയുന്ന പ്രളയമായും രൂപാന്തരപ്പെട്ടു. എങ്കിലും, അടിമകള്‍ക്ക് അത് സമൃദ്ധിയുടെ കാലമായിരുന്നു. താഴ്വാരത്തെ ചായ നിര്‍മ്മാണ ശാലകളും, പാടങ്ങളും ഒക്കെ വെള്ളത്തിനടിയിലായത്തോടെ പോര്ടുഗീസ്സുകാര്‍ എല്ലാം നിര്‍ത്തി വച്ചു മടങ്ങിപ്പോകാന്‍ തുടങ്ങി. ഉടമകള്‍ പോയതോടെ അനാഥമായിക്കിടന്ന പാടങ്ങളില്‍ പാതിവിളവെത്തിയിരുന്ന ഉരുളക്കിഴങ്ങും, മരച്ചീനിയും അടിമകള്‍ ഓടി നടന്നു ശേഖരിച്ചു കുടിലുകളില്‍ കൂട്ടി വച്ചു. തോരാതെ പെയ്ത മഴയില്‍ അടിമക്കുന്നില്‍ വലിയ വെള്ളച്ചാലുകള്‍ രൂപപ്പെട്ടു. മൊട്ടക്കുന്നിലെ ഉറച്ച മണ്ണ് അടിമകളുടെ കൈക്കോട്ടുകള്‍ക്ക് വഴങ്ങിത്തുടങ്ങി. അവര്‍ കോരിച്ചൊരിഞ്ഞ മഴയിലും, രാപകല്‍ വ്യത്യാസമിലാതെ അദ്ധ്വാനിച്ച്, പൂഴി പാറിക്കിടന്ന വരണ്ട മണ്ണ് കിളച്ച് മരച്ചീനിയും മധുരക്കിഴങ്ങും വച്ചു പിടിപ്പിച്ചു. മരചീനിത്തണ്ടുകളില്‍ നിന്നും പൊട്ടിയ വെള്ള വേരുകള്‍ പുതു മണ്ണില്‍ കൊതിയോടെ ആഴ്‌ന്നിറങ്ങി വളരാന്‍ തുടങ്ങി. തിളങ്ങുന്ന കുരുന്നുകള്‍ നാമ്പിടുന്നതും, അവ ഇലകളായി വിടരുന്നതും കണ്ടു അടിമകളുടെ ഹൃദയം നിറഞ്ഞു.

മഴയുടെ താണ്ടവം അവസാനിച്ചു. ചെമ്മണ്‍ നിറത്തില്‍ കലങ്ങിയൊഴുകിയ ഗുരുപിയുടെ ഓളപ്പരപ്പിലൂടെ കൊത്ത് പണികള്‍ ചെയ്തു മനോഹരമാക്കിയ ചെറു യാത്രാ നൌകകള്‍ വന്നെത്തി. പ്രളയത്തിന്റെ മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം പോര്ടുഗീസുകാര്‍ മടങ്ങി വരികയായിരുന്നു. ഇറുകിയ കാലുറകളും, വട്ടത്തോപ്പിയും, കോട്ടും ധരിച്ച പുരുഷന്മാരും, പട്ടു കുപ്പായങ്ങള്‍ അണിഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ചെറു സംഘങ്ങള്‍ ആയാണ് അവര്‍ വന്നത്. പ്രളയകാലത്തെ ജലനിരപ്പിനെ ദ്യോതിപ്പിച്ചു കൊണ്ടു താഴ്വാരത്തെ വന്മരങ്ങളുടെ തായ്തടികളില്‍ നേരിയ ചെളിപ്പാട് അപ്പോഴും ബാക്കി നില്‍പ്പുണ്ടായിരുന്നു.

നദിയുടെ ഇക്കരെ, അസ്സായ് പനകള്‍ വളരുന്ന വിജനമായ പറമ്പില്‍ പനയോല വെട്ടാന്‍ പോയ അടിമകളാണ്, തീരത്തെ തളിരിട്ടു തുടങ്ങിയ പെര്‍ക്യൂട്ടു മരങ്ങള്‍ക്കിടയിലൂടെ യജമാനന്മാര്‍ വരുന്നതു ആദ്യം കണ്ടത്. പഞ്ഞി മേഘങ്ങളെ സ്പര്‍ശിച്ചു നിന്ന പന നെറുകകളില്‍ കഷ്ടിച്ച് ഇരിപ്പുറപ്പിച്ചു, കടയ്ക്കല്‍ നിന്ന കെട്ട്യോള്മാരോട് അവര്‍ ആവേശത്തോടെ വിളിച്ചു ചോദിച്ചു;

"യജമാനമാര്‍ എത്തിപ്പോയി..! പണിശാലകള്‍ വെടിപ്പാക്കിയോ..?"

താഴ്വാരത്തെ പ്രളയജലം ഇറങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ അവര്‍ അതെല്ലാം ചെയ്തു കഴിഞ്ഞിരുന്നു. പണിശാലകളുടെ തറകളില്‍ വണ്ടലടിഞ്ഞു കിടന്ന ചെളി അടിച്ച് കഴുകി വൃത്തിയാക്കാന്‍ അവര്‍ കുറച്ചൊന്നുമല്ല പാടു പെട്ടത്. അത്യദ്ധ്വാനത്തിന്റെ കയ്പ്പന്‍ ജീവിതത്തിലേക്ക് ഒരിക്കല്‍ കൂടെ മടങ്ങേണ്ടി വരുമെന്നറിഞ്ഞിട്ടും അടിമകള്‍ ആവശഭരിതരായി. നാലാള്‍ കൂടിയയിടത്തെല്ലാം അവര്‍ യജമാനന്മാരുടെ മടങ്ങി വരവിനെ കുറിച്ചാണ് സംസാരിച്ചത്. നഷ്ടപ്പെട്ടു പോയ അവരുടെ പഴകിയ ദിനചര്യകളുടെ താളം പണിശാലളുരുന്നതോടു കൂടി വീണ്ടെടുക്കാം എന്നവര്‍ കരുതിയിരിക്കണം.

അന്ന് വൈകുന്നേരം, പട്ടു കിടന്ന പാടത്തില്‍ നെടുങ്ങനെ നീണ്ടു പോകുന്ന പോകുന്ന ഒറ്റയടിപ്പാതകളിലൂടെ മെറ്റിസേറുകള്‍ വന്നു. പോര്‍ട്ടുഗീസ്‌ മാടമ്പികളുടെ കൃഷിയും പണിശാലകളും നോക്കി നടത്തുന്നത് മെറ്റിസേറുകളാണ്. വേട്ട നായ്ക്കള്‍ക്കൊപ്പം, അരപ്പട്ടകളില്‍ നിറതോക്കുകലുമായാണ് അവര്‍ വരിക. മെറ്റിസേറുകളുടെ കനല്‍ ചിതറുന്ന നോട്ടങ്ങള്‍ക്ക്‌ മുന്നില്‍ എതോരടിമയും ഭയം കൊണ്ടു വിറച്ചു പോകും..!സാന്ധ്യ വെയിലില്‍, പാവു ബ്രസീലുകളുടെ നീണ്ട നിഴലുകള്‍ വീണു കിടന്ന ചെരിവില്‍ നിന്നു അടിമക്കുന്നിനെ കണ്ട മെറ്റിസേറുകള്‍ അത്ഭുതപ്പെട്ടു. പൊറ്റപ്പുല്ല് പിടിച്ചു പൂഴി പാറിക്കിടന്ന മൊട്ടക്കുന്ന് പച്ചപ്പുതപ്പണിഞ്ഞിരുന്നു. തഴച്ചു നിന്ന മരചീനികള്‍ കൈപ്പത്തി പോലുള്ള വലിയ ഇലകള്‍ വീശി അഭിവാദ്യം ചെയ്യുകയാണെന്ന് തോന്നി. അതിരുകളില്‍ അടിമകള്‍ ഊന്നിയ ഫിജ മരച്ചില്ലകളും വേര് പിടിച്ചു തളിരിട്ടു നിന്നു.

മടങ്ങിപ്പോയ മെറ്റിസേറുകളും, പോര്ടുഗീസു മാടമ്പികളും അന്ന് രാത്രി മുഴുവന്‍ ഉറക്കമിളച്ചു ചര്‍ച്ച ചെയ്തത് അടിമക്കുന്നിനെ കുറിച്ചു മാത്രമായിരുന്നു. ജ്വലിക്കുന്ന സൂര്യന് താഴെ, പാറക്കൂട്ടങ്ങള്‍ ചിതറിക്കിടന്ന കുന്നിന്‍പുറം കൃഷിക്ക് യോജിച്ചതല്ല എന്ന് കണ്ടു പോര്‍ട്ടുഗീസുകാര്‍ പണ്ടേ ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍, അത്രയും ഫല പുഷ്ടിയുള്ള വിശാലമായ ഭൂമി അടിമകള്‍ക്ക് എന്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അവര്‍ അന്ന് ചര്ച്ച ചെയ്തത്. പിറ്റേന്ന് രാവിലെ, അടിമക്കുന്നിലെ, സമാധാനത്തിന്റെ അവസാന നിദ്ര കഴിഞ്ഞു അടിമകള്‍ പതുക്കെ ഉണര്‍ന്നു വരുമ്പോഴേക്കും കുന്നു കയറി മെറ്റിസേറുകള്‍ വന്നു. വൈകുന്നേരത്തോടെ അവര്‍അവിടം വിട്ടു പൊയ്ക്കൊള്ളണം എന്ന പോര്ടുഗീസു മാടമ്പികളുടെ ഉത്തരവ് പാറ പിളര്‍ക്കുന്ന ശബ്ദത്തില്‍ മെറ്റിസേറുകള്‍ വായിച്ചു കേള്‍പ്പിക്കുമ്പോള്‍ കുന്നിന്‍പുറത്തെ കൂരകളില്‍ നിന്നു അലമുറകള്‍ മുഴങ്ങി.

അടിമപ്പെണ്ണുങ്ങളുടെ ദീന രോദനങ്ങളും, പുരുഷന്മാരുടെ യാചനകളും ഒന്നും അവിടെ വിലപ്പോയില്ല. ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന് അടിമകള്‍ ആഗ്രഹിച്ച പകല്‍ കഴിയാറായപ്പോള്‍ കറുത്ത കുതിരകളില്‍ മെറ്റിസേറുകള്‍ വീണ്ടും വന്നു. ചാര നിറമുള്ള വേട്ട നായ്ക്കളും, ബെനിനില്‍ നിന്നു ആയിടെ മാത്രം കൊണ്ടു വന്ന ഉരുക്ക് മുഷ്ടിയുള്ള കാട്ടളന്മാരായ അടിമകളും അവരെ അനുഗമിച്ചു. ആലംബ ഹീനരായ അടിമകള്‍ കൈയില്‍ കിട്ടിയതെന്തോക്കെയോ വാരിക്കെട്ടി, മരച്ചീനികള്‍ തഴച്ചു നിന്ന കുന്നിറക്കത്തിലൂടെ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. എതിര്‍ത്തു നിന്ന മൂന്ന് പേരെ ചങ്ങലയില്‍ ബന്ധിച്ചു, അവര്‍ ചെരൂബക്കയത്തില്‍ എറിഞ്ഞു കളഞ്ഞു. അടിമക്കുന്നില്‍ അവശേഷിച്ച അവസാന അടിമയെയും കുടിയൊഴിപ്പിച്ചാണ് മെറ്റിസേറുകള്‍ അവിടം വിട്ടു പോയത്.

അസ്വസ്ഥതയുടെ പകല്‍ കഴിഞ്ഞു . അസ്തമന സൂര്യന്‍ ഭയപ്പാടോടെ നിബിഡ വനത്തിനു പിന്നിലെ അജ്ഞാത തീരത്തെ അഭയം പ്രാപിച്ചു. പടിഞ്ഞാറന്‍ ചെരുവിലെ ചുമപ്പിന്റെ ഒടുവിലത്തെ കണികയെയും കവര്‍ന്നു, നിരാശയില്‍ നിന്നുയര്‍ന്ന പക്ഷിയെ പോലെ ഇരുട്ട് അടിമക്കുന്നിനെ ആശ്ലേഷിച്ചു. പട്ടു കിടന്ന പാടത്തില്‍ മയങ്ങിക്കിടന്ന"അനാസ്സിയുടെ ചിലമ്പുകള്‍" ഉണര്‍ന്നു തുടങ്ങി. അടിവാരത്തെ കുറ്റാക്കൂരിരുട്ടില്‍, ചെളി നിറഞ്ഞ നാട്ടു വഴികളിലൂടെ നിരാലംബരായ കുറെ കറുത്ത മനുഷ്യര്‍ രാപാര്‍ക്കാന്‍ ഇടമില്ലാതെ അലഞ്ഞു തിരിയുമ്പോഴും, ഭയാനക രാവിനെ പാടിയുറക്കാന്‍ അവ വ്യര്തമായി ശ്രമിച്ചു കൊണ്ടിരുന്നു....


തുടരും ...

15 comments:

അരുണ്‍ രാജ R. D said...

ഒരു കുടിയൊഴിക്കലിന്റെ കഥ പറയുന്നു...ഈ അദ്ധ്യായത്തില്‍...

PIN said...

അവതരണം ഭംഗിയാകുന്നുണ്ട്‌.
ആശംസകൾ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇടക്ക് കയറി നോക്കും, പുതിയ അദ്ധ്യായത്തിനായി. നിരാശപ്പെടുത്തിയില്ല.
ആശംസകള്‍.

smitha adharsh said...

"നായകള്‍ ആത്മാക്കളെ ദര്‍ശിക്കുന്നവരാണ്"
ഇതു ഞങ്ങളുടെ നാട്ടിന്‍പുറത്ത്(ഇപ്പൊ, അത് നാട്ടിന്‍പുറം എന്ന് പറഞ്ഞാല്‍ അവിടെയുള്ളവര്‍ എന്നെ കുനിച്ചു നിര്‍ത്തി ഇടിക്കും) പറഞ്ഞു കേട്ടിട്ടുണ്ട്....എവിടെയെങ്കിലും,നായ്ക്കളുടെ പന്തിയല്ലാത്ത കുരയോ,ഓളിയോ ഒക്കെ കേട്ടാല്‍ ഞങ്ങള്‍ പറയുമായിരുന്നു.....ആരെയോ കൂട്ടിക്കൊണ്ടുപോകാന്‍ "മറ്റേ ആള്‍" വരുന്നുണ്ടെന്ന് തോന്നുന്നു എന്ന്.
കുടിയൊഴിപ്പിക്കല്‍ ഇത്തിരി വേദനാജനകമായി തോന്നി മനസ്സില്‍....
പതിവുപോലെ നന്നായി എഴുതിയിരിക്കുന്നു.

siva // ശിവ said...

അരുണ്‍ എത്ര സുന്ദരമായാ നീ ചൊക്ലിയെക്കുറിച്ച് എഴുതുന്നത്....

ഞാന്‍ ഇതൊക്കെ ശരിക്കും ഫീല്‍ ചെയ്യുന്നു....


ഇപ്പോഴൊക്കെ എന്റെ ചിന്തകളില്‍ ആ അടിമക്കുന്നും ചൊക്ലിയും ഒക്കെ ഉണ്ട്....

സസ്നേഹം,

ശിവ.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഓണക്കാഴ്ച്ചയായ് കൂടി ഞാN ഈ പോസ്റ്റ്! നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഓണാശംസകള്‍.

അരുണ്‍ കരിമുട്ടം said...

അരുണേ,ഇടയ്ക്ക് വച്ച് വായന ഒന്നു നിര്‍ത്തേണ്ടി വന്നു.വായിക്കാനൊന്നും സമയമില്ലാരുന്നു.ഇപ്പോഴാ തിരിച്ചു വന്നത്.സൂപ്പര്‍ കേട്ടോ.കലക്കുന്നുണ്ട്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അരുണ്‍,
പുതിയ അദ്ധ്യായം എവിടെ?

ബഷീർ said...

അരുണ്‍
ഒരിക്കല്‍ കൂടി അരുണിന്റെ ഈ തുടര്‍ കഥ വായിക്കണം (എന്നിട്ടും വല്യ പിടിയൊന്നും കിട്ടുമോന്ന് സംശയം )
വിത്യസ്തമായ രീതിയിലുള്ള എഴുത്ത്‌ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നു. പുതിയത്‌ കാണാനില്ലല്ലോ

smitha adharsh said...

whr r u man?

അരുണ്‍ രാജ R. D said...

I will be back soon....
suffering from Exam fever...

ബഷീർ said...

സന്ദർശിച്ചു. വീണ്ടുമിവിടെ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അല്ല സുഹൃത്തേ? താങ്കളിതെവിടെയാണ്?

smitha adharsh said...

iyalkku enthu patti...?
oru kollamaakunnu,oru post idathe..
wht hpnd?