Tuesday, July 29, 2008

അദ്ധ്യായം മൂന്ന്

3

പുഴയും കാലവും കുറെ ഓര്‍മ്മകളും...

അടിമക്കുന്നിന്റെ താഴ്വാരത്തെ കരിമ്പ്‌ പാടത്തിനപ്പുറത്ത് സേറാഡോ പരന്നു കിടന്നു. മങ്ങിയ പച്ച നിറത്തില്‍ കുതിരപുല്ലുകള്‍ മാത്രം വളരുന്ന പുല്‍മേടിനപ്പുറം കാടാണ്. കാടിന്റെ പിറവി അറിയിച്ചു കൊണ്ടു പുല്‍മേടിന്റെ സ്വാഭാവിക അതിര് പോലെ ഒരു തരം നാറുന്ന കുറ്റിച്ചെടികള്‍ വളര്ന്നു നില്‍പ്പുണ്ട്‌. മഞ്ഞ നിറത്തിലുള്ള പൂക്കളാണ് അവയിലെപ്പോഴും. വേനലായിക്കഴിഞ്ഞാല്‍ നീല നിറത്തിലുള്ള കുഞ്ഞു പഴങ്ങളും അവയില്‍ നിറയും. ചിന്‍ ചിലു പക്ഷികളുടെയും, മറ്റു ചില കുഞ്ഞു കിളികളുടെയും കലഹങ്ങളും കലപിലകളും കൊണ്ടു അവിടമാകെ മുഖരിതമാകും. ഭൂമിയില്‍ നിന്നു പൊട്ടി മുളച്ചിട്ടെന്ന പോലെ കാറ്റട്ടകളും, തോടില്ലാത്ത ഒരു ജാതി ഒച്ചുകളും നിലത്തു വീണു ചീയുന്ന നീലപ്പഴങ്ങളില്‍ ഇഴഞ്ഞു നടക്കും. കാലങ്ങളില്‍ പുല്‍ മേടില്‍ നിര്‍ത്താതെ വീശിയടിച്ചു കൊണ്ടിരിക്കുന്ന ഉഷ്ണക്കാറ്റിലാകെ പഴങ്ങളുടെ സുഖമുള്ള ഗന്ധം നിറഞ്ഞു നില്‍ക്കും .

ചിന്‍ ചിലുപ്പക്ഷികളിലെ പെണ്‍കിളികള്‍ മഹാ ആര്‍ത്തിക്കാരികളാണ്. അവയ്ക്ക് എത്ര വിഴുങ്ങിയാലും മതി വരാത്ത വിശപ്പാണ്. ഉച്ച നേരങ്ങളില്‍ കാടിനുള്ളില്‍ നിന്നും പറന്നു വരുന്ന പച്ച നിറമുള്ള ജക്കുക്കാവ പക്ഷികളോടും അവറ്റ കലഹിക്കുകയും പുലഭ്യം പറയുകയും ചെയ്തു കൊണ്ടിരിക്കും.ഇത്ര മാത്രം വിശിഷ്ടമായ എന്ത് വിരുന്നാണ് നാറുന്ന പൊന്തക്കാടുകള്‍ ശല്യക്കാരിക്കിളികള്‍ക്ക് ഒരുക്കി വച്ചിരിക്കുന്നതെന്നറിയാന്‍ പണ്ടൊരിക്കല്‍ ചൊക്ലി ഒന്നു ശ്രമിച്ചു നോക്കിയതാണ്.

ആകാവുന്ന ഉച്ചത്തിലാണ് കുരച്ചു ചാടിയത്. കിളികള്‍ പേടിച്ചു പറന്ന്, കുറച്ചു മാറി പുല്ലു വളരാതെ കിടന്ന ഇത്തിരി നിലത്തു കുന്തി നടന്ന് കലപില കൂട്ടി. അട്ടകളെയും, ഒച്ചുകളെയും മുന്കാലു കൊണ്ടു മാന്തിയെറിഞ്ഞ്, ചാഞ്ഞു കിടന്ന ചില്ലയിലെ മുഴുവന്‍ പഴങ്ങളെയും ഒറ്റയടിക്ക് ചൊക്ലി വെട്ടി വിഴുങ്ങിക്കളഞ്ഞു!. ഒട്ടും രുചി തോന്നിയില്ല. പോരാത്തതിനു തലകറക്കവും, മനംപുരട്ടലും വേണ്ടുവോളം തോന്നി താനും. മൂന്ന് ദിവസ്സമാണ്‌ ചൊക്ലി ഛര്‍ദിയും തല കറക്കവുമായി കഴിച്ചു കൂട്ടിയത്. ഗുരുപിയിലെ തണുത്ത വെള്ളത്തില്‍ നീന്തിക്കുളിച്ചിട്ടും മനംപുരട്ടല്‍ മാറിയില്ല. എങ്കിലും, അതോടെയാണ് സോങ്കയുടെ സ്നേഹത്തിന്റെ ആഴം ചൊക്ലി തിരിച്ചറിഞ്ഞത്. മൂന്ന് ദിവസമാണ്‌, പാവം പണികള്‍ ഒന്നും ചെയ്യാതെ വേവലാതിപ്പെട്ടു നടന്നത്. പനി പിടിച്ചു വിറച്ചു കിടന്ന അവന്റെ കൊച്ചു ദേഹത്തെ ചേര്‍ത്ത് പുണര്‍ന്നാണ് അന്ന് സോങ്ക ഉറങ്ങിയത്. ഗുരുപിയില്‍ നിന്നു അപൂര്‍വമായി കിട്ടുന്ന കമാരോവ് എന്ന പുഴയാമകളുടെ രുചിയേറിയ ഇറച്ചിയാണ് അയാള്‍ ചൊക്ലിയ്ക്കായി നീക്കി വച്ചത്. ഭാഗ്യക്കേടിന്, മനംപുരട്ടല്‍ കൊണ്ടു ഒരു കഷ്ണം പോലും കഴിക്കാനൊത്തില്ല.

ഇങ്ങനെയൊക്കെയുള്ള കുറെ നനുത്ത ഓര്‍മ്മകളെ മാത്രം ശേഷിപ്പിച്ചിട്ട്, പെര്‍ക്യൂട്ട്‌ മരങ്ങളില്‍ നിന്നും കൊഴിഞ്ഞു വീണ പഴുത്തിലകള്‍ക്കൊപ്പം ദിനരാത്രങ്ങളും ഗുരുപീ നദിയില്‍ ഒഴുകിപ്പോകുകയായിരുന്നു. വര്‍ഷങ്ങള്‍ മൂന്നോ നാലോ കടന്നു പോയിരിക്കണം. സോങ്കയോടൊപ്പമുണ്ടായിരുന്ന പോയ വര്‍ഷങ്ങളിലോക്കെയും മനുഷ്യര്‍ക്ക്‌ സമാനമായിരുന്നു ചൊക്ലിയുടെയും ദിനചര്യകള്‍. സോങ്കയ്ക്കൊപ്പം ഉറങ്ങി, സോങ്കയ്കൊപ്പം ഉണര്‍ന്നു, സോങ്കയ്കൊപ്പം ജീവിച്ചു.

പകലിരവുകളുടെ പരിലാലനങ്ങള്‍ ചൊക്ലിയില്‍ യൌവനവും, അതിന്റെ തിളക്കങ്ങളും വച്ചു പിടിപ്പിച്ചു. ഒപ്പം, ബാല്യത്തിന്റെ കൌതുകങ്ങളെ വേരോടെ പിഴുതു മാറ്റുകയും ചെയ്തു. അവന്‍ കരുത്തനും ദൃഢചിത്തനുമായി. വെളുത്തു തിളങ്ങുന്ന പട്ടു രോമങ്ങള്‍ ദേഹമാസകലം വ്യാപിക്കുകയും, കറുത്ത പൊട്ടുകള്‍ കൂടുതല്‍ വ്യക്തമാകുകയും ചെയ്തു. പോര്ടുഗീസ് പ്രഭു കുമാരികളുടെ മാറില്‍ പതിഞ്ഞിരുന്നു, ഒളി കണ്ണിട്ടു അവനെ നോക്കിയ പൂഡില്‍ വംശത്തില്‍ പെട്ട ശ്വാന സുന്ദരികളുടെ വശ്യ നയനങ്ങളും, അടിമകളുടെ ഇടയില്‍ കഴിയുന്ന അദ്ധ്വാന ശീലകളായ പെണ്‍ പട്ടികളുടെ വൈദ്യുതാകര്‍ഷണം നിറഞ്ഞ കടാക്ഷങ്ങളും എന്തു കൊണ്ടോ അവനെ കീഴ്പെടുത്തിയില്ല. ഹൃദയത്തെയും ശരീരത്തെയും പ്രണയത്തിന്റെ അസഹ്യമായ തീഷ്ണാഗ്നിയില്‍ ഇട്ടു പൊള്ളിക്കുന്ന ഋതു മാസങ്ങളിലെ കാമോദ്ദീപകങ്ങളായ പകലിരവുകള്‍ അവനെ സ്പര്‍ശിച്ചില്ല. അഥവാ സ്പര്ശിച്ചെങ്കില്‍ തന്നെ അത് ഒരു ശലഭ ചിറകടി പോലെ മൃദുലവും ആശക്തവുമായിരുന്നു.

സേറാഡോ പുല്‍ മേടില്‍ വളര്ന്നു കിടന്ന, ചൊറിയുന്ന കുതിര പുല്ലുകള്‍ക്കിടയില്‍ പതിയിരുന്നുള്ള മുയല്‍ വേട്ടയ്ക്കും, കരിനത്തകള്‍ ഒട്ടിയിരിക്കുന്ന ഗുരുപിയിലെ വഴുക്കന്‍ പാറകളില്‍ സോങ്കയ്ക്കൊപ്പം കുത്തിയിരുന്നുള്ള മീന്‍ പിടിത്തത്തിനും, പഴയ ഉല്‍സാഹവും അവന് തോന്നിയില്ല. അതെല്ലാം നിത്യേനയുള്ള നിറമില്ലാത്ത തൊഴിലുകള്‍ മാത്രമായി. പണ്ട്, അടിമക്കുന്നിലും, കരിമ്പ്‌ വിളഞ്ഞു കിടന്ന താഴ്വാരങ്ങളിലും അടിമകളുടെ കറുമ്പന്‍ കുട്ടികളുടെ പിന്നാലെ ഓടിക്കളിച്ചു നടന്നതില്‍ എന്തു രസമാണ് തനിക്കുണ്ടായിരുന്നത് എന്ന് ചൊക്ലി കൌതുകത്തോടെ ആലോചിച്ചു. അവര്‍ ഇപ്പോഴും കുട്ടികളാണ്. പക്ഷെ, കളിച്ചു തളരുമ്പോള്‍ അവരുടെ അമ്മമാര്‍ ഓടി വന്നു ഒക്കത്തെടുത്തിരുത്താറില്ല. അടിമകളുടെ പഴങ്കഥകളിലൊന്നിലെ സ്വര്‍ണ്ണം വിളയുന്ന സ്വപ്ന ഭൂമിയെ കുറിച്ചു പറഞ്ഞു കൊടുക്കാറുമില്ല.

പുഴയും കാലവും ഏതാണ്ടൊരു പോലെയാണെന്ന് തോന്നി. പുഴയൊരിക്കലും പിന്നിലെക്കൊഴുകാറില്ല. കാലവും അങ്ങനെ തന്നെ!. ഒഴുകിപ്പോയതൊന്നും തിരികെ കിട്ടാറില്ല, കഴിഞ്ഞു പോയതൊന്നും മടങ്ങി വരാറുമില്ല. എങ്കിലും, കാലം ബാക്കി വെയ്ക്കുന്ന ഓര്‍മ്മകള്‍, പുഴയുടെ അടിത്തട്ടില്‍ ഒഴുകാന്‍ മടിച്ചു മയങ്ങുന്ന ഉരുളന്‍ കല്ലുകള്‍ പോലെയാണ്. ദിന രാത്രങ്ങളുടെ കുത്തൊഴുക്കിലും മനസിന്റെ മടിത്തട്ടില്‍ നാള്‍ക്കുനാള്‍ മിനുസമേറിക്കൊണ്ട് അവ അങ്ങനെ കിടക്കും..!


തുടരും...

Tuesday, July 22, 2008

അദ്ധ്യായം രണ്ട്

2

ഗുരുപീ നദിയുടെ തീരങ്ങളില്‍...


ചൊക്ലി ഇരുപത്തിയൊന്നാമനെയും, ചപ്പാണി ഗോവിന്ദനെയും മണ്ടപത്തിന്‍ കടവിലെ ചായക്കടയില്‍ അവരുടെ പാട്ടിനു വിട്ടിട്ടു നമുക്കു ഒരല്പം പിന്നിലേക്കു സഞ്ചരിക്കാം. ഒരു 'അല്പം' എന്ന് കേട്ടു തെറ്റിദ്ധരിക്കേണ്ട !. പോകേണ്ടത് ഒരു നൂറ്റാണ്ടു പിന്നിലേക്കു ആണ്. സംഭവ ബഹുലമായ ഇരുപതാം നൂറ്റാണ്ടിന്റെ സമയ ധമനികളിലൂടെ പിന്നിലേയ്ക്ക് ഒഴുകുമ്പോള്‍ വഴിയില്‍ കാണുന്ന കാഴ്ചകളില്‍ കണ്ണ് കുരുക്കി വെറുതെ സമയം കളയരുത്. മുന്നിലുള്ളത് സുദീര്‍ഘമായൊരു യാത്രയാണ്. യാത്ര ചെന്നെത്തുന്നത് ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തില്‍, ബ്രസീലില്‍ പാവു-ബ്രസീല്‍ വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളര്ന്നു നില്ക്കുന്ന ആമസോണിന്റെ ഘോര വന്യതയില്‍ ആണ്. ഈ ചുറ്റുപാടുകളില്‍ ആണ് ചൊക്ലിയുടെ ആദ്യ ജന്മത്തിന്റെ രഹസ്യങ്ങള്‍ നമുക്കു മുന്നില്‍ തുറക്കപ്പെടുന്നത്...

ഹിംസ്ര ജന്തുക്കളും, അനാകോണ്ടകളും, നൂറു കണക്കിന് വിഷ സര്‍പ്പങ്ങളും, അപൂര്‍വ ഷട്ട്പദങ്ങളും യഥേഷ്ടം വിഹരിക്കുന്ന നിത്യ ഹരിത മഴക്കാടില്‍ നട്ടുച്ചയ്ക്ക് പോലും കുറ്റാക്കൂരിരുട്ടാണ്. ഈ മഹാ ആരണ്യത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ നിന്നും ഏതാണ്ട് മുപ്പത്തിയഞ്ച് മൈല്‍ സഞ്ചരിച്ചാല്‍ സാവോ കാര്‍ലോസ് എന്ന ചെറു പട്ടണത്തില്‍ എത്താം.ദുര്‍ഘടമായ കാട്ടു പാതയാണ്. ദോന്ഗ്ര എന്നറിയപ്പെടുന്ന ഒറ്റക്കാള വലിക്കുന്ന വണ്ടിയില്‍ വേണം പോകാന്‍. ചെമ്മണ്‍ പാതയിലുടനീളം ചിതറിക്കിടക്കുന്ന വലിയ കല്ലുകളിലൂടെ ചാടിയും തുള്ളിയുമാണ് യാത്ര. പാതയുടെ അരികിലായി, അങ്ങ് അഗാധതയില്‍ ആമസോണിന്റെ കൈ വഴിയായ ഗുരുപീ നദി ഭയപ്പെടുത്തുന്ന ഹുങ്കാരത്തോടെ ഒഴുകുന്നു. നദിയിലേക്കുള്ള ചെങ്കുത്തായ ചെരിവുകളില്‍ ഇറുകി വളരുന്ന പെര്‍ക്യൂട്ട്‌ മരങ്ങളില്‍, പേരറിയാത്ത കാട്ടു വള്ളികള്‍ക്കൊപ്പം പാമ്പുകളും ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് കാണാം.

ആമസോണ്‍ മഹാ നദിയിലെ അജ്ഞാതമായ ഏതോ തുരുത്തില്‍ മറഞ്ഞിരുന്നു ഒരു മിട്ടു-മിട്ടു പക്ഷി നീട്ടിക്കൂവുന്നുണ്ട്. വല്ലാത്തൊരു വിരഹാര്‍ദ്രതയാണ് അവയുടെ കൂജനങ്ങള്‍ക്ക്!. ഗുരുപീ നദിയുടെ തീര ഗ്രാമമായ സെന്റെനെഗ്രൂവില്‍ തിങ്ങിപ്പാര്‍ക്കുന്ന റെഡ് ഇന്ത്യന്‍ ആദിവാസികള്‍ക്കിടയില്‍ പറഞ്ഞു പഴകിയ ഒരു കഥയുണ്ട് മിട്ടു-മിട്ടു പക്ഷിയെ പറ്റി. കാള വണ്ടിക്കാരന്‍, മോണ്ടെസ്സുമ പറഞ്ഞതിങ്ങനെയാണ്;

സെന്റെനെഗ്രൂവിലെ കാസിക്കിന്റെ(മൂപ്പന്‍)ന്റെ മകളായിരുന്നു മിട്ടു-മിട്ടു. മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ചിലിയില്‍ നിന്നു യുദ്ധത്തിനെത്തിയ ഒരു ആസ്ടെക് യോദ്ധാവുമായി മിട്ടു-മിട്ടു പ്രണയത്തിലായത്രേ. ഊരിന്റെ യുദ്ധ രഹസ്യങ്ങള്‍ അവള്‍ അവന് ചോര്‍ത്തിക്കൊടുത്തു. ആ യുദ്ധത്തില്‍ ആസ്ടെക്കുകള്‍ സെന്റെനെഗ്രൂവിനെ പരാജയപ്പെടുത്തി. ക്രുദ്ധനായ കാസിക്ക് അവളെ ശപിച്ച്‌ ഒരു നവ വര്‍ണ്ണ പക്ഷിയാക്കിയെന്നും, അവള്‍ ഇന്നും പ്രിയപ്പെട്ടവനെ ഓര്ത്തു തേങ്ങുകയാണ് എന്നുമാണ് റെഡ് ഇന്ത്യന്‍സിന്റെ വിശ്വാസം. മോണ്ടെസ്സുമ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. മിട്ടു-മിട്ടു ഭൂമിയില്‍ ഒന്നേയുള്ളൂ, അവളെ കാണുന്നവന്‍ ഭാഗ്യവാനാണ്, അവന് മിട്ടു-മിട്ടു വരം നല്‍കും എന്നൊക്കെ.

അതി വേഗത്തിലാണ് കാളവണ്ടിയുടെ യാത്ര. ചക്രങ്ങളില്‍ എവിടെയോ അസുഖകരമായ ഒരു കിറുകിറു ശബ്ദം കേട്ടു കൊണ്ടിരിക്കുന്നു. പത്തോ പതിനഞ്ചോ മൈലുകള്‍ താണ്ടിയിരിക്കണം. പാതയുടെ ഇരു കരകളിലും റെഡ് ഇന്ത്യന്‍സിന്റെ അര്‍ദ്ധ വൃത്താകൃതിയില്‍ ഉള്ള ചെറിയ കുടിലുകള്‍ കണ്ടു തുടങ്ങുന്നു. അസ്സായ് പനയുടെ ഓല മേഞ്ഞ, കൂണുകള്‍ പോലുള്ള കുടിലുകള്‍ക്ക് ചുറ്റുമുള്ള വെടിപ്പുള്ള മുറ്റങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള ചുവന്ന മനുഷ്യര്‍ എന്തൊക്കെയാ തിരക്ക് പിടിച്ച പണികളിലാണ്. ഇനിയുള്ള ചെറിയൊരു കയറ്റം കഴിഞ്ഞു എത്തുന്നത് സാവോ- കാര്‍ലോസിലാണ്.

പ്രകൃതി രമണീയമായ ഒരു ചെറു പട്ടണം ആണ് സാവോ കാര്‍ലോസ്. വീതിയുള്ള, നിരപ്പാര്‍ന്ന മണ്പാതകളിലൂടെ കുതിര വണ്ടികളും, കാളവണ്ടികളും വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ ആണ്. മോട്ടോര്‍ കാറുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അമ്പതു മൈല്‍ അകലെയുള്ള സാവോ പൌളോ നഗരത്തില്‍ തീവണ്ടി എത്തിയിട്ട് തന്നെ അധിക നാളായിട്ടില്ല.

പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്ത്, കമ്പിളിക്കുപ്പയങ്ങളും, സാമ്പാസ് കലമാനിന്റെ കൊമ്പുകളും വില്‍ക്കുന്ന ഏതാനും ചില വ്യാപാര കേന്ദ്രങ്ങള്‍ കഴിഞ്ഞ് ആദ്യം കാണുന്ന ഇടുങ്ങിയ ഇട വഴി നീളുന്നത് പോര്‍ട്ടുഗീസ്‌ കച്ചവടക്കാരുടെ തടി മില്ലുകളില്‍ പണിയെടുക്കുന്ന കറുത്ത വര്‍ഗ്ഗക്കാരായ അടിമകളുടെ കുടിലുകളിലേക്ക് ആണ്. അതൊരു മൊട്ടക്കുന്നാണ്. ചെറിയ കരിമ്പാറക്കൂട്ടങ്ങള്‍, വരണ്ടുണങ്ങിയ കുന്നിന്‍ പുറത്തെ കുടിലുകള്‍ക്കിടയില്‍ ചെറു മതിലുകള്‍ പോലെ അങ്ങിങ്ങായി കാണാം. ആ കുടിലുകളില്‍ ഒന്നിലാണ് ഡീ സോങ്ക, അയാളുടെ ഗിറ്റാര്‍-കളുമായി ജീവിച്ചു പോരുന്നത്. അസ്സായ് പനയുടെ ഓല മെടഞ്ഞു കൂര മേഞ്ഞിരിക്കുന്ന കുടിലിന്റെ ചുവരില്‍ ഏതാനും ഗിറ്റാര്‍-കള്‍ തൂക്കിയിട്ടിരിക്കുന്നു. വരാന്തയില്‍ ഇരുന്നു ഏതോ മൂളിപ്പാട്ടിന്റെ താളത്തിനൊപ്പിച്ച്, പാവു - ബ്രസിലിന്റെ ചുവന്ന തടികളുപയോഗിച്ചു അയാള്‍ ഗിട്ടാറുകള്‍ തീര്ത്തു കൊണ്ടിരുന്നു.

ബലിഷ്ഠ കായനാണ് സോങ്ക. ഉറച്ച, കരിമ്പാറ പോലെ കറുത്ത ശരീരം, ഊര്‍ജ്വ സ്വലമായ വിരലുകള്‍. ഗിറ്റാറിന്റെ തന്ത്രികളില്‍ സോങ്കയുടെ വിരലുകള്‍ ചലിക്കുമ്പോള്‍ ആ വരണ്ടുണങ്ങിയ മൊട്ടക്കുന്നില്‍ നിര്‍ജീവമായി മയങ്ങുന്ന കല്ലുകള്‍ പോലും കരഞ്ഞു പോകാറുണ്ട് എന്നാണ് അബിസീനിയയില്‍ നിന്നും, സയറില്‍ നിന്നും പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇറക്കുമതി ചെയ്യപ്പെട്ട അടിമകളുടെ പിന്‍ഗാമികള്‍ പറഞ്ഞത്. സോങ്ക ഇപ്പോള്‍ അടിമയല്ല. അയാളുടെ യജമാനന്‍ ബ്രൂനീസ്‌ മൊദെസ്ടൊ കഴിഞ്ഞ വര്ഷത്തെ ഒരു മഴക്കാലത്താണ് ഗുരുപീ നദിയില്‍ കുതിര വണ്ടി മറിഞ്ഞു കൊല്ലപ്പെട്ടത്. അതോടെ അയാളുടെ മകള്‍ കരോലീന ആ വലിയ ബംഗ്ലാവില്‍ തനിച്ചായിപ്പോയി. അവളെ കുറിച്ചോര്‍ത്തപ്പോള്‍ സോങ്കയുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. "അവള്ക്ക് തന്നോടുള്ളത് പ്രണയമാണോ..? അല്ലെങ്കില്‍ പിന്നെ തന്നെ കാണുമ്പോള്‍ അവളുടെ മുഖം വയണ മരങ്ങളുടെ തളിരിലകള്‍ പോലെ ചുവന്നു തുടുക്കുന്നതെന്തിനാണ്..? സ്വര്‍ണ്ണ മുടികള്‍ വീണു മറഞ്ഞിരുന്ന ആര്‍ദ്രമായ ആ നീല മിഴികളെ കുറിച്ചു കൂടിയോര്‍ത്തപ്പോള്‍ സോങ്കയുടെ ഹൃദയ ഭിത്തികളെ അവാച്യമായ ഒരു നൊമ്പരം കടന്നു പിടിച്ചു. ഗിറ്റാറിന്റെ മധുര തന്ത്രികളില്‍ വിരലോടിച്ച്, മിട്ടു-മിട്ടു പക്ഷിയെ പോലെ പാടാന്‍ അയാള്ക്ക് തോന്നിപ്പോയി.

നട്ടുച്ചയാണ്. മൊട്ടക്കുന്നുകളില്‍ അങ്ങിങ്ങായി വളര്ന്നു നിന്ന അവസാന പുല്നാമ്പിനെയും ഉണക്കി സൂര്യന്‍ തീ കോരി എറിഞ്ഞു. ഡീ സോങ്ക കുടിലിനു പിന്നാമ്പുറത്തെ കെട്ടി മറച്ച അടുക്കളയില്‍ ചെന്നു രണ്ടു മണ്പാത്രങ്ങളില്‍ ഷേലെരോ ചെടിയുടെ ഇലകള്‍ ഇട്ടു പുഴുങ്ങിയ കപ്പ കോരി വച്ചു. ഗുരുപിയില്‍ നിന്നും പിടിച്ച രുചിയേറിയ മോറെ മല്‍സ്യം കൊണ്ടു പാകം ചെയ്ത കറിയും പാത്രങ്ങളിലേക്ക് പകര്ന്നു. ഇരു കൈകളിലും മണ്പാത്രങ്ങളും എടുത്ത്‌, സോങ്ക കുന്നിറക്കത്തിലെയ്ക്ക്‌ ചെന്നു നീട്ടി വിളിച്ചു...

"ചൊക്ലീ........, ചൊക്ലീ....ഇവിടെ വാ..."

അയാളുടെ ശബ്ദം, കുന്നിറക്കങ്ങളില്‍ മഞ്ഞപ്പൂക്കള്‍ പൊഴിച്ചു അവിടവിടായി വളര്ന്നു നിന്ന ചുവന്ന തടിയുള്ള പാവുബ്രസീല്‍ മരങ്ങളെയും, താഴ്വാരത്തെ കരിമ്പ്‌ പാടങ്ങളെയും, അവയ്ക്കിടയില്‍ കാട് പിടിച്ചു കിടന്ന ഷേലെരോ ചെടികളെയും കടന്നു, തൊട്ടപ്പുറത്ത് വണ്ടിക്കുതിരകള്‍ മേഞ്ഞു നടന്ന സേറാഡോ പുല്‍മേടില്‍ ചെന്നു വിലയം പ്രാപിച്ചു.

ഉറുമ്പ്‌ തീനികളും(Armadillo), കപൂചിന്‍ കുരങ്ങന്മാരും, കുറുനരികളും വിഹരിക്കുന്ന പുല്‍ മേടില്‍ ചൊക്ലി അപ്പോള്‍ മുയലുകളെ പിടിക്കുകയായിരുന്നു.

" ഓ..ഹ്...ഈ സോങ്കയ്ക്ക് വിളിക്കാന്‍ കണ്ട നേരം...! മുയല്‍ അതിന്റെ ജീവനും കൊണ്ടു പാഞ്ഞു..ഈ ഉയരത്തില്‍ വളര്ന്നു നില്ക്കുന്ന കുതിരപ്പുല്ലിനിടയില്‍ ഇനി അതിനെ എവിടെ ചെന്നു പിടിക്കാനാണ്..?"

പഞ്ഞി മേഘങ്ങള്‍ ഒഴുകി നടന്ന നീലാകാശത്തേക്ക് നോക്കി ചൊക്ലി ദേഷ്യത്തോടെ ഓരിയിട്ടു.

"ഇന്നത്തെ അത്താഴം അങ്ങനെ പോയിക്കിട്ടി..ഇനി മീന് പിടിക്കാന്‍ വിളിക്കട്ടെ, ഞാന്‍ പോകില്ല.. എനിക്ക് വയ്യ ഗുരുപിയിലെ തണുപ്പുള്ള വഴുക്കന്‍ പാറകളില്‍ ചെന്നു കൊതുക് കടി കൊണ്ടു മീന്‍ പിടിക്കാന്‍.."

അവന്‍ മുറു മുറുത്തു കൊണ്ടു കുടിലിലെക്കോടി.

കുന്നിറക്കത്തില്‍ നിന്നു ഡീ സോങ്ക ആശങ്കയോടെ ചൊക്ലിയെ വീണ്ടും വിളിച്ചു. കരിമ്പാറക്കൂടങ്ങളുടെ പാദങ്ങളില്‍ വളര്ന്നു നിന്ന പുറുത്തിക്കാടുകളില്‍ മറഞ്ഞിരുന്നു ചിന്‍ ചിലു പക്ഷികള്‍ അസുഖകരമായ ശബ്ദത്തില്‍ ചിലച്ചു കൊണ്ടിരുന്നു.

കരോലീന സമ്മാനിച്ചതാണ്‌ ചൊക്ലിയെ. അവളുടെ സാവോ പൌളോയില്‍ ഉള്ള അമ്മാവന്റെ മത്തങ്ങാപ്പാടത്തു നിന്നും കിട്ടിയതാണ് അവള്ക്ക് അവനെ. അമ്മാവന്‍ വളര്‍ത്തുന്ന ജെനിയ ഡോഗ്സാല്‍വസ് എന്ന പെണ്പട്ടിയുടെ കുഞ്ഞ്. ദേഹമാസകലം കറുത്ത പൊട്ടു അണിഞ്ഞ്, ഒരു വെളുത്ത സുന്ദരന്‍ പട്ടിക്കുഞ്ഞായിരുന്നു അന്ന് ചൊക്ലി ഡോഗ്സാല്‍വസ്. രണ്ടു വര്ഷം മുമ്പ് ഒരു ഈസ്ടര്‍ ദിനത്തില്‍ ആയിരുന്നു കരോലീന അവനെ സോങ്കയ്ക്ക് നല്കിയത്. അന്നാദ്യമായിട്ടായിരുന്നു അവളുടെ മൃദുലമായ വെളുത്ത വിരലുകള്‍ സോങ്കയുടെ കറുത്ത, പരുക്കന്‍ വിരലുകളെ സ്പര്‍ശിച്ചത്‌. അന്നാദ്യമായിട്ടയിരുന്നു അവളുടെ നീല നയനങ്ങള്‍ അവനെ മാത്രം നോക്കി നിന്നത്. അതോര്‍ത്തപ്പോള്‍ സോങ്കയ്ക്ക് രോമാഞ്ചമുണ്ടായി. കുന്നു കയറി കുണുങ്ങി വരുന്ന ചൊക്ലിയെ ചേര്ത്തു പിടിചു തെരു തെരെ ഉമ്മ വയ്ക്കാനാണ് സോങ്കയ്ക്ക് അപ്പോള്‍ തോന്നിപ്പോയത്.

അകലെയെവിടെയോ ഒരു മിട്ടു-മിട്ടു പക്ഷി വല്ലാതെ വിരഹാര്‍ദ്രയായി അപ്പോഴും പാടിക്കൊണ്ടിരുന്നു..



തുടരും...



Tuesday, July 15, 2008

അദ്ധ്യായം ഒന്ന്

1

ചൊക്ലിയുടെ ജന്മാന്തരങ്ങള്‍; ഒരു മുന്കുറിപ്പ്


വര്ഷം 1863 (ഗ്രിഗൊറിയന്‍ കലണ്ടര്‍ അനുസരിച്ച്). മരം കോച്ചുന്ന തണുപ്പുള്ള ഒരു ഡിസംബര്‍ മാസം. കോടമഞ്ഞിന്റെ നനുത്ത ചിറകുകള്‍ വീശി മേഘങ്ങള്‍ പര്‍വത ശിഖരങ്ങള്‍ക്കിടയിലൂടെ പ്രാവുകളെ പോലെ പറന്നു പോയി. ഈ ഭൂമണ്ഡലത്തിന്റെ വിസ്മയ ദര്‍ശനങ്ങളെ ആവാഹിക്കാന്‍ എന്നോണം ധ്രുവ മഞ്ഞിന്റെ തണുത്ത വെണ്‍പുറങ്ങളെയും, തൊട്ടാവാടി പൂക്കള്‍ വിരിയുന്ന നാട്ടു വരമ്പുകളെയും, മഹാ നദികളുടെ നിലക്കാത്ത ഓളങ്ങളെയും പിന്നെ, മറ്റനേകം കാഴ്ചകളെയും കടന്നു ഒരു ആത്മാവ് ഒഴുകി നടന്നു. മുജന്മങ്ങളുടെ പാപ പങ്കിലമായ പഴംപുരാണങ്ങളുടെ ഭാണ്ടം പേറാന്‍ ഇല്ലാത്ത, തികച്ചും ശിശു ആയിരുന്നു ആ ആത്മാവ്...! പ്രപഞ്ച വിധാതാവിന്റെ ഒരു സ്വാഭാവിക ദീര്‍ഘ നിശ്വാസത്തിനിടയില്‍ ചില യാമങ്ങള്‍ക്ക് മുമ്പ് മാത്രം ബഹിര്‍ഗമിച്ച ഒരു ജീവ ചൈതന്യം...! പേരറിയാത്ത ഏതോ മഹാ ആരണ്യത്തില്‍ ഒരു പാരിജാത പൂമൊട്ടിനുള്ളില്‍ ആ ആത്മാവ് തപസ്സിരിക്കുകയായിരുന്നു.., പുതിയ പുലരിക്കായി...പിന്നെ മജ്ജാ മാംസ നിബദ്ധിതം ആയ ഒരു നശ്വര ശരീരത്തിനായി.....!

ചൊക്ലി എന്ന നായയുടെ ജന്മാന്തര യാത്രകള്‍ അവിടെ തുടങ്ങുന്നു...ലാറ്റിന്‍ അമേരിക്കന്‍ പുല്‍മേടുകളില്‍, വിപ്ലവ വിത്തുകള്‍ പൊട്ടി മുളച്ച റഷ്യന്‍ മണ്ണില്‍, ധ്രുവ ദീപ്തിയുടെ സുരഭില പ്രകാശത്തില്‍ തിളങ്ങുന്ന സ്കാന്ടിനെവിയന്‍ രാജ്യങ്ങളില്‍, ജരാവാ ആദി വാസികള്‍ക്കിടയില്‍, ആഫ്രിക്കയിലെ കാപ്പിരികള്‍ ആയ കറുത്ത നരഭോജികള്‍ക്കിടയില്‍, അറബികള്‍ക്കിടയില്‍, പഗോഡകളുടെ സ്വന്തം നാട്ടില്‍, വ്യാളികള്‍ അരങ്ങു വാണ മഞ്ഞ മനുഷ്യരുടെ നാട്ടില്‍, പിഗ്മികള്‍ക്കിടയില്‍, ധ്രുവങ്ങളില്‍ എന്തിന് മനുഷ്യന്‍ ഇതു വരെ ചെന്നെത്തിയിട്ടില്ലാത്ത അറിയപ്പെടാത്ത നാടുകളില്‍ ഒക്കെ ചൊക്ലി അവതാരമെടുത്തു...

ഇന്നു, ഈ നിമിഷം 2008 ജൂലൈ 16-ഇല്‍ എത്തി നില്‍ക്കുമ്പോള്‍ ചൊക്ലി അവന്റെ സംഭവ ബഹുലമായ ഇരുപതു അവതാരങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇരുപത്തിയൊന്നാം ജന്മത്തില്‍ അവന്‍ ഇങ്ങു, ലോകത്തിന്റെ കിഴക്ക് ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെയും അറബിക്കടലിന്റെയും തീരത്ത് , കേര വൃക്ഷങ്ങള്‍ അതിരിടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍, കൊച്ചു കേരളത്തില്‍ ആണ്. അതും മണ്ഡപത്തിന്‍ കടവ് എന്ന ഒരു സ്വഛന്ദം ആയ ഗ്രാമാന്തരീക്ഷത്തില്‍ !. സമാധാന പ്രിയരും, ഇടത്തരക്കാരും ആയ ഒരു കൂട്ടം ജനങ്ങള്‍ പല വിധ ആവശ്യങ്ങള്‍ക്കായി ഒന്നിച്ചു കൂടാറുള്ള ഒരു നാല്‍ക്കവല ആണിത്. ഇവിടെ ചൊക്ലി വെറും ചൊക്ലി അല്ല, ചൊക്ലിച്ചന്‍ ആണ്.

മണ്ഡപത്തിന്‍ കടവ് ജംഗ്ഷനില്‍ നിന്നു കിഴക്കോട്ടു നീളുന്നത് ചെമ്പൂര്, വെള്ളറട തുടങ്ങിയ തെക്കന്‍ തിരുവനന്തപുരത്തെ ചില മലയോര ഗ്രാമങ്ങളിലേക്കുള്ള തിരക്കുള്ള പാതയാണ്. പ്രസ്തുത റോഡിലൂടെ, ഒരു നികരാറായ വയലും, ടാക്സി ഡ്രൈവര്‍മാര്‍ നട്ടു പരിപാലിച്ചു പോരുന്ന ബദാം, ലജസ്ട്രോമിയ തുടങ്ങിയ ചില തണല്‍ മരതൈകളും കടന്നു നടന്നെത്തുന്നത് പഴയ അന്തി ചന്തയിലെക്കാണ്. അവിടെ നിന്നു താഴേക്കുള്ള ചെമ്മണ്‍ പാതയിലൂടെ ഒരു പത്തു കാല് എടുത്തു വച്ചാല്‍ ചപ്പാണി ഗോവിന്ദന്റെ ചായക്കടയായി. മണ്ഡപത്തിന്‍ കടവില്‍, വര്‍ണ്ണ ബോര്‍ഡുകളുടെ തിളക്കങ്ങള്‍ ആവശ്യമില്ലാതെ പ്രവര്ത്തിക്കുന്ന ചില വ്യാപാര സ്ഥാപനങ്ങള്‍ (കേശവന്‍ കൊല്ലന്റെ ആല, കുട്ട , മണ്‍ വെട്ടി, കുന്താലി, തുടങ്ങിയ വാടകക്ക് കൊടുക്കുന്ന ചില കരി പുരണ്ട പീടികകള്‍, വയ്ക്കോല്‍ വ്യാപാര കേന്ദ്രങ്ങള്‍, പഴയ ചന്തക്കൊപ്പം തിരക്കൊഴിയാതെ പ്രവര്‍ത്തിച്ചിട്ടു ഇപ്പോള്‍ പൊളിയാറായി വിശ്രമിക്കുന്ന ചില വയസ്സന്‍ മുറുക്കാന്‍ കടകള്‍ ഇവയൊക്കെ..) ആണ് ഈ വഴിയുടെ ഇരു വശങ്ങളിലും ഉള്ളത്. ചപ്പാണി ഗോവിന്ദന്റെ ചായക്കടയും ഇവിടെ ഈ കരി പുരണ്ട പരമ്പരാഗത ഗ്രാമീണ കാഴ്ച്ചകള്‍ക്കൊപ്പം തട്ടിയും മുട്ടിയും കഴിഞ്ഞു കൂടുന്നു.

ഗോവിന്ദന്‍ എന്ന് കേട്ടാല്‍ ചപ്പാണി ഗോവിന്ദന്റെ കറുത്ത് തടിച്ചു, കുറുകിയ ഒരു രൂപത്തെ മാത്രം ആണ് ഇവിടുള്ള ആളുകള്‍ക്ക് ഓര്മ്മ വരിക. ഷര്‍ട്ട്‌ അലര്‍ജി ആണ് കക്ഷിക്ക്. വയറു ഒരു അല്‍പമല്ലാതെ ചാടിയിട്ടുണ്ട്‌. എപ്പോഴും വിയര്‍ക്കുന്ന എണ്ണ മയമുള്ള ശരീരമാസകലം 'ര' അക്ഷരത്തിന്റെ ആകൃതിയില്‍ വളഞ്ഞു വളരുന്ന രോമങ്ങളാണ് . ചപ്പാണിയുടെ അബുദാബിയിലുള്ള അളിയന്‍, സുരേഷ് വര്‍ഷാവര്‍ഷം വരുമ്പോള്‍ കൊണ്ടു വരാറുള്ള കടും നിറങ്ങളിലുള്ള പോളിയെസ്റെര്‍ ലുങ്കി ആണ് പുള്ളിയുടെ സ്ഥിരം വേഷം. ഇത്ര മാത്രം വര്‍ണ്ണിക്കാന്‍ ചപ്പാണിയാര് മണ്ഡപത്തിന്‍ കടവിന്റെ പ്രധാന മന്ത്രി ആണോ എന്ന് ചോദിയ്ക്കാന്‍ വരട്ടെ..! ഇതേ ചപ്പാണി തന്നെ ആണ് നമ്മുടെ ചൊക്ലിയുടെ വര്‍ത്തമാന കാല അവതാരത്തിന്റെ ബോസ്, യേമാന്‍, മൊയിലാളി...! പിന്നെ ഒരു കാര്യം, ഈ പറഞ്ഞതൊന്നും ചപ്പാണിയോട് ചോദിച്ചേക്കരുത്. ചൊക്ലി സ്വന്തം പട്ടി ആണ് എന്ന നഗ്ന സത്യം കക്ഷി ഇന്നേ വരെ സ്വന്തം അപ്പനോട് പോലും സമ്മതിച്ചിട്ടില്ല. "ഛായ് ...! ഇതേതോ തെണ്ടി പട്ടി അല്ലേയ്‌..? ഇവിടെ എടക്കിടെ വരും...ഞാന്‍ വല്ല എച്ചിലോ, ഇറച്ചി വേസ്ടോ കൊടുക്കും..." ഇങ്ങനാണ് ചപ്പാണി, പഞ്ചായത്ത് പ്രസിഡണ്ട്‌ അപ്പുക്കുട്ടന്‍ സാറിനോട് പോലും പറയുക.

ഇതു കേള്‍ക്കുമ്പോഴാണ് ചൊക്ലിക്കു ദേഷ്യം വരുന്നത്. "ഇയ്യാക്ക് ഇതങ്ങു സമ്മതിച്ചാല്‍ എന്താ..? ധന്യയും ധനീഷും (ചപ്പാണിയുടെ മക്കളാണ്) എന്ത് താല്പര്യത്തോടെയാണ് തന്നോടു പെരുമാറുന്നത് ..? ഒത്തു കിട്ടട്ടെ, ഇങ്ങോരുടെ ചന്തി ഞാന്‍ ശരി ആക്കുന്നുണ്ട്‌", എന്നൊക്കെ ചിന്തിച്ചു എച്ചിലില ഇടുന്ന നീല പ്ലാസ്റ്റിക് പെട്ടിയുടെ അടുത്ത് കിടന്നു പാതി കണ്ണ് തുറന്നു ഉറക്കച്ചടവോടെ അപ്പോഴൊക്കെ അവന്‍ പിറുപിറുക്കും..

ഭാര്യക്കും പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ടു പിള്ളേര്‍ക്കുമൊപ്പം ചായക്കടയോട് ചേര്‍ന്നുള്ള ചായ്പ്പിലാണ് ചപ്പാണിയുടെ താമസം. ഭാരത സര്ക്കാരിന്റെ പഴയ കുടുംബാസൂത്രണ പദ്ധതിയുടെ പരസ്യം പോലെ കക്ഷിയുടെ ഇത്തിരി പഴകിയ ഒരു ഫാമിലി ഫോട്ടോ എല്ലാവര്ക്കും കാണാവുന്ന വിധത്തില്‍ കടയുടെ പുകയാറ പറ്റിയ ചുവരില്‍ തൂക്കിയിട്ടുണ്ട്‌. കടയുടെ പിന്നില്‍ വാഴ കൃഷി ചെയ്യുന്ന വയലുകലാണ് ഇന്ന്. മുമ്പ് ഇവിടെല്ലാം നെല്‍പ്പാടങ്ങള്‍ ആയിരുന്നു. ചപ്പാണിയുടെ ചായക്കടയുടെ മുന്നിലൂടെ കിടക്കുന്ന ചെളി കെട്ടിയ പാത നേരെ ചെന്നെത്തുന്നത് പുഴക്കടവിലേക്കാണ്. കാട്ടു കരിമ്പുകള്‍ വെളുത്തു മിനുങ്ങുന്ന പൂക്കളും പുതച്ചു വളര്ന്നു നില്ക്കുന്ന പുഴയോരത്തും പായല്‍ പിടിച്ചു പാലത്തിനു തൊട്ടടുത്തുള്ള കുളിക്കടവിലും, റോഡിനപ്പുറത്തെ കുന്നിന്‍പുറത്ത് കുടി കൊള്ളുന്ന മുരുകന്റെ അമ്പല മുറ്റത്തും, ഫ്രാന്‍സിസ് സേവ്യെരുടെ പേരിലുള്ള പള്ളി മുറ്റത്തും, പഞ്ചായത്ത് അപ്പീസിന്റെ വരാന്തയിലും, ഞാറ പഴങ്ങള്‍ വീണു കിടക്കുന്ന വില്ലേജ് ആപ്പീസ് പരിസരത്തും, റേഷന്‍ കടയുടെ അപ്പുറത്തെ പുതിയ ചന്തയിലും ഒക്കെ ചൊക്ക്ലി പട്ടിച്ചന്‍ തെണ്ടി നടന്നു. ചൊക്ലി പോകുന്ന ഇടങ്ങളില്‍ എല്ലാം പുതിയ പുതിയ കഥകളും ഉണ്ടായി. പലപ്പോഴും, അറിഞ്ഞു കൊണ്ടല്ലാതെ തന്നെ ആ കഥകളില്‍ ചൊക്ലി നായകനോ, വില്ലനോ, കൊമേഡിയനോ ഒക്കെ ആയി മാറുകയുമുണ്ടായി........


തുടരും...
*************************************************************************************************************

ചൊക്ലിയുടെ ജന്മാന്തര യാത്രകളുടെ അവസാന ഭാഗങ്ങളില്‍ വായിക്കേണ്ടി വരുന്ന ചില കഥാന്തരീക്ഷങ്ങള്‍ ആണ് നിങ്ങള്‍ക്കായി ഞാന്‍ ഇവിടെ പറഞ്ഞു വച്ചത്. ചൊക്ലിയുടെ മുജ്ജന്മ കഥകള്‍ ആര്‍ത്തലച്ചൊഴുകുന്ന ഒരു മഹാ നദി പോലെ അപാരവും, വിസ്തൃതവും ആണ്. അത്, കൈ വഴികള്‍ ആയി പിരിയുകയും, കൂടി ചേരുകയും, മറ്റു നദികളെ ആവാഹിക്കുകയും ചെയ്തു കൊണ്ടു മണല്‍ നിറഞ്ഞ ജലവഴികളിലൂടെ നിര്‍ബാധം പരന്നൊഴുകുന്നു. ഇവിടെ കഥകള്‍ പാമ്പുകളെ പോലെ പിണയുകയും, വൃക്ഷ വേരുകള്‍ പോലെ പടരുകയും, മേഘങ്ങളെ പോലെ രൂപാന്തരം പ്രാപിക്കുകയും കാറ്റിനെ പോലെ വ്യാപിക്കുകയും ചെയ്തു കൊണ്ടിരിക്കും...

വായിക്കുക..
സ്വന്തം കൂട്ടുകാരന്‍.