Sunday, August 17, 2008

അദ്ധ്യായം അഞ്ച്

5


മേയ്പോപ് പഴങ്ങളുടെ ഓര്‍മ്മകള്‍


നേരം പുലരുന്നതേയുള്ളൂ.നിഗൂഢതകള്‍ ഒളിപ്പിച്ച പുല്‍ മേടിന്റെ മനസ്സു പോലെ താഴ്വാരത്ത് ഇരുട്ട് തങ്ങി നില്‍പ്പുണ്ട്‌. ഇരുള്‍ മായുന്നതറിയാതെ കരിമ്പ്‌ പടത്തിലെ ഇഴുക്കമുള്ള തിട്ടകകളില്‍ അമര്‍ന്നിരുന്നു പെരുച്ചാഴികള്‍ വേരുകള്‍ കടിച്ചു മുറിയ്ക്കുന്നുണ്ടായിരുന്നു. കരിമ്പിന്‍ തലപ്പുകള്‍ നിറയെ ചീവീടുകളാണ്. ചുവന്ന ഉടലുള്ള ചീവീടുകള്‍. "അനാസിയുടെ ചിലമ്പ്" എന്നാണ് അടിമകള്‍ അവയെ വിളിക്കാറ്. ഏതോ റെഡ് ഇന്ത്യന്‍ ദേവതയാണത്രെ അനാസി!. ശാന്തമായൊരു താരാട്ട് പോലെ അവയുടെ ശബ്ദം സാവോ കാര്‍ലോസിന്റെ രാത്രികളെ തലോടി ഉറക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ശീതക്കാറ്റ് അപ്പോഴും മടങ്ങിയിരുന്നില്ല. അത് അങ്ങകലെ പര്‍വത സാനുക്കളിലെവിടെയോ ഉയിര്കൊണ്ട് നിബിഡ വനത്തെയും പുല്‍ മേടിനെയും തഴുകി, കരിമ്പോലകളില്‍ ചുഴറ്റിയടിച്ചു, അടിമക്കുന്നിനെയും മരവിപ്പിച്ചു കടന്നു പൊയ്ക്കൊണ്ടിരുന്നു.

അതിരാവിലെ ഉണര്‍ന്നെണീറ്റ് സോങ്ക കൈകള്‍ തോളില്‍ പിണച്ചു വച്ചു കൊണ്ടു താഴ്വാരത്തെ വിളവെത്തി നില്ക്കുന്ന കരിമ്പുകളെ നോക്കി. അടിമകളുടെ അദ്ധ്വാനവും വ്യഥകളും മധുരം തുളുമ്പുന്ന കരിനീലത്തണ്ടുകളില്‍ സംഭരിച്ചു വച്ചു അവ എഴുന്നു നില്പുണ്ടായിരുന്നു. പാടത്തിന്റെ നടുവിലൂടെ നീണ്ടു കിടന്ന ഇടുങ്ങിയ നാട്ടു വഴിയും കടന്നു ഇലംബാമേച്ചി നടന്നു വരുന്നതു കണ്ടു. മുതുകില്‍ പഴകി പിഞ്ച് തുടങ്ങിയ ഒരു തുകല്‍ സഞ്ചി കിടന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വലംകൈയുടെ ഭാഗമായിക്കഴിഞ്ഞിരുന്ന വഴുതുന്ന വളഞ്ഞ വടിയും കുത്തിപ്പിടിച്ചു, കൂനു ബാധിച്ച കിഴവിയുടെ ഭാരിച്ച കുന്നു കയറ്റം കണ്ടപ്പോള്‍ ശീതക്കാറ്റിന്റെ ചിറകിലേറിയാണ് ഇലംബാമേച്ചി അടിവാരം വരെ വന്നതെന്ന് തോന്നി.

കുട്ടിക്കാലത്തെ ഓര്‍മകളിലും, മുന്‍ തലമുറയില്‍ നിന്നു കേട്ട കഥകളിലെയും ഇലംബാമേച്ചിയുടെ രൂപം അത് തന്നെയായിരുന്നു എന്ന് സോങ്ക ഓര്‍ത്തു. വര്ഷാന്തരങ്ങള്‍ ജരകളുടെ വളര്‍ച്ചയെയും മുരടിപ്പിച്ചിട്ടുണ്ടാകണം. കുന്നിലേക്കുള്ള ഒറ്റയടിപ്പാത കയറി വരാന്‍ കുറെ സമയമെടുത്തു. വടി നിലത്തുറപ്പിച്ച്, കൂനിക്കൂടിയ വൃദ്ധ കിതച്ചു കൊണ്ടു സോങ്കയെ നോക്കി പുഞ്ചിരിച്ചു. തിമിരത്തിന്റെ വെളുത്ത പാടകള്‍ വിഴുങ്ങിത്തുടങ്ങിയ കണ്ണുകള്‍ വിടര്‍ന്നു. നേരിയ രക്തനൂലുകള്‍ നാലു പാടും വേരുകള്‍ പോലെ നേത്ര ഗോളങ്ങളില്‍ പടര്‍ന്നിരുന്നു.

"സോങ്ക ..ഇന്നു നീ ഗിറ്റാര്‍ വില്‍ക്കാന്‍ പോകുന്നില്ലേ...? കിഴവിയുടെ ശബ്ദം വിറച്ചു.

"പോകുന്നുണ്ടല്ലോ ഇലംബാമാമ്മാ..മാമ്മ എവിടെ പോയിട്ട് വരുകയാ വെളുപ്പാന്‍ കാലത്ത്.?"

"നമുക്കങ്ങനെ മഴയും വെയിലുമുണ്ടോടാ?. ഇലംബാടെ നേരം ചോദിച്ചിട്ടാണോ അടിമ പെണ്ണുങ്ങള്‍ക്ക് പേറ്റു നൊവെളവത് ?"

വെറുതെ ചോദിച്ചതാണ്. കോരിച്ചൊരിയുന്ന മഴയത്തും, നട്ടുച്ച വെയിലത്തും, മരം കോച്ചുന്നമഞ്ഞത്തും സാവോ കാര്‍ലോസിന്റെ വഴികളിലൂടെ വടിയും കുത്തിപ്പിടിച്ചു നടന്നു പോകുന്ന ഇലംബാമേച്ചിയെ എത്രയോ തവണ താന്‍ കണ്ടിരിക്കുന്നു..!

പുഞ്ചിരിക്കുക മാത്രം ചെയ്തു.

"സോങ്ക..നിന്റെ ചൊക്ലി ഇവിടെയുണ്ടോ..?"ശീതക്കാറ്റില്‍ ഇളകുന്ന കുടിലിന്റെ ഇറമ്പത്തു കിടന്ന ഇരുപ്പുകല്ലില്‍ കാലും നീട്ടിയിരുന്നാണ് കിഴവി ചോദിച്ചത്.

"ഉണ്ടല്ലോ മാമ്മാ.. ഇന്നലെ സേറാഡോയില്‍ നിന്നു വന്നതില്‍ പിന്നെ എന്തോ ഒരു വല്ലായ്മ അവനെ പിടികൂടിയിട്ടുണ്ടെന്നാ തോന്നുന്നത്. അല്ലെങ്കില്‍ അതി രാവിലെ ഉണരുന്നവനാ.."

ഇലംബാമേച്ചി ചിരിച്ചു. ആ ചിരി പൊട്ടിച്ചിരിയായി.

"ഹയ്ഹോ....!അവന്‍ പേടിച്ചതാ..സെനോപേഡ്രയിലെ ചെരൂബയെ കണ്ടു പാവം ചൊക്ലി പേടിച്ചതാ... പേടിത്തൊണ്ടന്‍"

ചിരി പിന്നെയും നീണ്ടു. ഒരു കൂക്ക് വിളി പോലെ കുന്നിന്‍ പുറത്താകെ ചിരി മുഴങ്ങി. അടിമക്കിന്നിന്റെ പുതിയ പകലിലേക്ക് ആ ചിരി പലരെയും വിളിച്ചുണര്‍ത്തി. കറുമ്പന്‍ കൊച്ചുങ്ങളെയും ഒക്കത്ത് വച്ചു ചില അടിമ പെണ്ണുങ്ങള്‍ കുടിലിനു മുന്നില്‍ വന്നു ജിജ്ഞാസയോടെ എത്തി നോക്കി. സോങ്കയും ചിരിച്ചു. ചൊക്ലിയുടെ ധീരതയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.

കുടിലിനുള്ളില്‍, സോങ്കയുടെ ചാക്ക് പുതപ്പിനടിയില്‍ ചുരുണ്ടു കൂടി സുഖിച്ചുറങ്ങുകയായിരുന്നുവെങ്കിലും, 'പേടിത്തൊണ്ടന്‍' എന്നവനെ വിളിച്ചത് അവന്‍ കേള്‍ക്കാതിരുന്നില്ല. ചൊക്ലി പിടഞ്ഞെഴുന്നേറ്റു. കെളവിയെ ശരിയാക്കണം എന്നാണ് തോന്നിയത്. അതി രാവിലെ കിട്ടിയത് അവഹേളനമാണ്..! ഒട്ടും ഉന്മേഷം തോന്നിയില്ല. വീശിയടിച്ച ശീതക്കാറ്റിന്റെ കുളിരില്‍ പഞ്ഞി രോമങ്ങള്‍ കോരിത്തരിച്ചു നിന്നു. കുരച്ചു കൊണ്ടാണ് വെളിയിലേക്ക് ചാടിയത്. നോക്കിയപ്പോള്‍ സോങ്കയും കള്ളച്ചിരിയും ചിരിച്ചു നില്ക്കുന്നു. അതിനര്‍ത്ഥം താന്‍ ഒരു ഭീരുവാണെന്ന് സോങ്കയും അംഗീകരിച്ചിരിക്കുന്നു.."കൊള്ളാം സോങ്കാ..! നന്നായിരിക്കുന്നു..!". ഗുരുപീ നദിയിലെ മുതലകള്‍ പതുങ്ങിയിരിക്കുന്ന തണുത്ത വെള്ളത്തില്‍ മുങ്ങാം കുഴിയിട്ട് മോറോ പിടിച്ചപ്പോഴും, കാറ്റില്‍ നിന്നു കൂട്ടം തെറ്റി വന്ന ചെന്നായയെ കടിച്ചു ചെരൂബക്കയത്തില്‍ തള്ളിയിട്ടപ്പോഴും ഞാന്‍ ഒരു പേടിത്തൊണ്ടന്‍ ആണെന്നാണല്ലോ സോങ്കയ്ക്ക് തോന്നിയത്..?!.

അവന്‍ ദേഷ്യം തീര്‍ക്കാന്‍ വീടിനു മുന്നില്‍ അപരിചിതയെ കണ്ടിട്ടെന്ന പോലെ കുടിലിനു ചുറ്റും ഓടി നടന്നു കുരച്ചു. താഴ്വാരത്തെ പാവ് ബ്രസീല്‍ മരങ്ങളിലിരുന്നു അണ്ണാന്മാര്‍ ഭീതിയോടെ ചിലച്ചു.

"ചൊക്ലീ...ഇവിടെ വാടാ..ഇതൊന്നു നോക്ക്..!കിഴവി വിളിക്കുകയാണ്‌.അനുനയിപ്പിക്കാന്‍ ഉള്ള വിളിയാണ്. ചൊക്ലീ പതിയെ തിരിഞ്ഞു നോക്കി. പിഞ്ഞിക്കീറിയ തുകല്‍ സഞ്ചിയില്‍ നിന്നും കുറെ തേനൂറുന്ന മേയ്പോപ് പഴങ്ങള്‍ പുറത്തെടുക്കുകയായിരുന്നു ഇലംബാമേച്ചി. മുയലുകള്‍ കഴിഞ്ഞാല്‍ ചൊക്ലിയ്ക്ക് ഏറ്റവും ഇഷ്ടം ആ കുഞ്ഞു പഴങ്ങളെയാണ്. താഴ്വാരത്തെ പാഴ് പുരയിടങ്ങളുടെ വേലികളില്‍ പടര്ന്നു വളരുന്ന മേയ്പോപ് വള്ളികളില്‍ മഞ്ഞു കാലത്ത് മാത്രമാണ്‌ കായ്കളുണ്ടാകുക. ആ കാലത്ത് വള്ളിയുടെ ഓരോ ഇലകള്ക്കടിയിലും കുഞ്ഞു ആപ്പിളുകള്‍ പോലെ ചുമന്ന പഴങ്ങള്‍ തൂങ്ങിക്കിടക്കും. തേനൂറുന്ന ആ പഴങ്ങളെ ചൊക്ലി കുഞ്ഞുന്നാളിലെ ഇഷ്ടപ്പെട്ടു പോയതാണ്. പിന്നീട് കഴിച്ച പഴങ്ങള്‍ക്കൊന്നും ആ സ്വാദ് ഉണ്ടായിരുന്നില്ല.

പഴുത്തു കടുംചുമപ്പാര്‍ന്ന മേയ്പോപ് പഴങ്ങളിലൊന്നു ചൊക്ലി രുചിയോടെ അകത്താക്കുമ്പോള്‍, അവന്റെ കഴുത്തിലെ വെളുത്ത പട്ടു രോമങ്ങളില്‍ വാത്സല്യത്തോടെ തലോടിക്കൊണ്ട് ഇലംബാമേച്ചി പറഞ്ഞു.

"മരണത്തിനപ്പുറവും അറിയുന്നവരാണ് ശ്വാനന്മാര്‍..! ആത്മാക്കളെ ദര്ശിക്കേണ്ടത് അവന്റെ നിയോഗമാണ്. പാവം എന്റെ കൊച്ചു ചൊക്ലി.. ചെരൂബയെ കണ്ടപ്പഴേ പേടിച്ചു പോയി..ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു..!

ഇളംബാമേച്ചിയുടെ വരണ്ട വാക്കുകള്‍ പ്രവചനങ്ങളാണെന്ന് തോന്നി. ധീരത എവിടെയാണ് ചോര്‍ന്നു പോകുന്നത്? ശരീരമാസകലം ഒന്നു വിറച്ചു പോയി. സെനൊപേഡ്രയില്‍ ചാരിയിരുന്ന ചെരൂബയെയാണ് ഓര്മ്മ വന്നത്.

"ചൊക്ലി വാ... നമുക്കു ഒരു സ്ഥലം വരെ പോകാനുണ്ട്". മനസ്സില്‍ ഇട്ടു തന്ന ഭയത്തിന്റെ കുമിളകള്‍ പൊട്ടും മുമ്പെ ഇലംബാമേച്ചി വിളിച്ചു. അടിമക്കുന്നിന്റെ പിന്‍ചെരിവിലെ ചോലക്കാടുകളില്‍ സമൃദ്ധമായി വളരുന്ന മരുന്ന് ചെടികള്‍ ശേഖരിക്കാനാണ് കിഴവി വിളിക്കുന്നതെന്ന് ചൊക്ലിയ്ക്ക് നന്നായി അറിയാം. മുന്‍പും ഇലംബായുടെ കൂടെ അവന്‍ പോയിട്ടുള്ളതാണ്.

പുറുത്തിക്കാടുകള്‍ വകഞ്ഞ് മാറ്റി നടന്നു. അവയുടെ കുഞ്ഞു മുള്ളുകള്‍ ദേഹത്തിലെവിടെയോക്കെയോ താണു തറഞ്ഞിരുന്നു നൊന്തു. ചെരുവിലേക്ക്‌ കുറെ ദൂരമുണ്ട്. വഴിയില്‍ ഇടതൂര്‍ന്നു വളരുന്ന വന്മരങ്ങളുടെ ഇലകളില്‍ നിന്നു മഞ്ഞു തുള്ളികള്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. അവിടെ അങ്ങിങ്ങായിക്കിടന്ന ഈര്‍പ്പമുള്ള പാറക്കൂട്ടങ്ങളില്‍ വള്ളിനാരകങ്ങള്‍ വലിയ കായ്കളും പേറി തളര്‍ന്നു കിടന്നു. കരിയിലകള്‍ വീണു കിടന്ന നനവുള്ള വഴിയിലൂടെ ഇളംബാമേച്ചിയുടെ പിറകെ നടക്കുമ്പോള്‍ ചൊക്ലിയുടെ ഉള്ളില്‍ ബാല്യത്തില്‍ കഴിച്ച മേയ്പോപ് പഴങ്ങള്‍ തേനൂറുന്ന ഓര്‍മ്മകളായി ഉണര്‍ന്നു വരികയായിരുന്നു.

കൊച്ചു മകളെയും തോളിലേറ്റി താഴ്വാരത്തെ കനാല്‍ കടന്നു കുന്നു കയറി വരുന്ന ഫാബിയോ മാസ്റ്ററെയാണ്‌ മനസ്സിലോര്‍ത്തത്. നീണ്ടു വെളുത്ത താടിയും, തടിച്ച ശരീരവുമുള്ള സ്നേഹ നിധിയായിരുന്ന ആ പോര്ടുഗീസു ക്വയര്‍ മാസ്റ്ററായിരുന്നത്രേ സോങ്കയെ ഗിറ്റാര്‍ വായിക്കാന്‍ പഠിപ്പിച്ചത്. അപ്പൂപ്പന്റെ തോളിലിരുന്നു തിളങ്ങുന്ന കഷണ്ടിത്തലയില്‍ കുഞ്ഞു കൈകള്‍ കൊണ്ടു അമര്‍ത്തിപ്പിടിച്ചു, അടിമക്കുന്നു സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്ന മെഡൈറ എന്ന നാലു വയസ്സുകാരിയാണ് ചൊക്ലിയ്ക്ക് ആദ്യമായി മേയ്പോപ് പഴങ്ങള്‍ സമ്മാനിച്ചത്‌. വളരെ പെട്ടെന്നാണ് കൊചു മെഡൈറയും ചൊക്ലിയും ചങ്ങാത്തത്തിലായത്. 'പിശാചിന്റെ വറചട്ടി' എന്ന് അടിമകള്‍ വിശേഷിപ്പിച്ചിരുന്ന ആ കുന്നിന്‍ ചെരിവിലൂടെ കറുത്ത അടിമക്കുട്ടികള്‍ക്കൊപ്പം സ്വര്‍ണ്ണ മുടിയുള്ള മെഡൈറയും പറന്നു നടന്നു. ഒരിക്കല്‍ പാവു ബ്രസീലിന്റെ മഞ്ഞപ്പൂക്കള്‍ വീണു കിടന്ന ചെരിവിലൂടെ ചൊക്ലിയും മെഡൈറയും അടിമക്കുട്ടികളും കളിച്ചു വിയര്‍ത്തു കയറി വരുന്നതു കണ്ടു ഉയരം കുറഞ്ഞൊരു പാറയിലിരുന്നു ഫാബിയോ മാസ്റ്റര്‍ പറഞ്ഞു.

"ഡാ..സോങ്കാ! കുഞ്ഞുങ്ങള്‍ക്ക് മൃഗങ്ങളുടെ ഭാഷയറിയാം. കണ്ടില്ലേ എത്ര പെട്ടെന്നാണ് എന്റെ കൊച്ചു മെഡൈറയും നിന്റെ ചൊക്ലിയും ചങ്ങാത്തത്തിലായത്..!" അത് കേട്ടു, അവരുടെ കളികള്‍ നോക്കിയിരുന്ന സോങ്ക പുഞ്ചിരിച്ചു.

സോങ്കാ...! ഇവനേതാ ജാതി? പാറകളിലും ചെരിവിലും ഓടി നടന്ന ചൊക്ലിയെ വാത്സല്യത്തോടെ നോക്കിക്കൊണ്ടാണ് മാസ്റ്റര്‍ ചോദിച്ചത്.

"ആവോ..! ഡാല്‍മേഷ്യന്‍ എന്ന കാരോള്‍ പറഞ്ഞത്"

"ആര് പറഞ്ഞത്..?"

യജമാനത്തിയും പ്രണയിനിയും ഒരാളാണെന്ന് ഓര്‍ക്കാതെ പറഞ്ഞു പോയതാണ്. മാസ്റ്റര്‍ വല്ലതും മനസ്സിലാക്കിക്കാണുമോ .? ഒരു പേടിയോടെയാണ് സോങ്ക അത് തിരുത്തിയത്.

"കരോലീന കൊച്ചെജമാനത്തിയാ മാസ്റ്റര്‍".

സോങ്കയുടെ നടുക്കം കണ്ടു ഏതോ പോര്ടുഗീസു പ്രണയഗാനത്തിന്റെ ഈരടികള്‍ പരുക്കന്‍ ശബ്ദത്തില്‍ ഉറക്കെ പാടിക്കൊണ്ടാണ് ഫാബിയോ മാസ്റ്റര്‍ വിഷയം മാറ്റിയത്. പിന്നെയെപ്പോഴോ പാട്ടു ഇടയ്ക്ക് വച്ചു നിര്‍ത്തി ഒരു ആത്മഗതമെന്നോണം മാസ്റ്റര്‍ പറഞ്ഞു:-

"ഡാ..സോങ്ക..ഇവന്‍ ഡാല്‍മേഷ്യന്‍ ഒന്നുമല്ല. അവന്റെ കൂര്‍ത്ത ചെവികള്‍ കണ്ടില്ലേ..ഏതോ നാടന്‍ നായയുടെത് പോലെ..ഒരു കാര്യം മനസ്സിലായി.ഇവനേയ്.....ജാതിയില്ല.!"

ചൊക്ലിയുടെ ഓര്‍മ്മകളില്‍ ഫാബിയോ മാസ്റ്ററുടെ കുസൃതി നിറഞ്ഞ പുഞ്ചിരി തെളിഞ്ഞു നിന്നു. മേയ്പോപ് പഴങ്ങളുടെ മാധുര്യത്തോടൊപ്പം മായാത്ത കുറെ ഓര്‍മ്മകള്‍ പിന്നെയും തെളിഞ്ഞു വരുമ്പോഴേക്കും അടിവാരത്തെ ചോലക്കാടും അതിനപ്പുറത്തെ കനാലും കണ്ടു തുടങ്ങി. തേടി വന്ന ഏതോ അപൂര്‍വ മൂലികകളിലൊന്നു കണ്ടതിന്റെ ആവേശത്തില്‍ ഇലംബാമേച്ചി വേഗത്തില്‍ ചെരുവിറങ്ങാന്‍ തുടങ്ങി.


തുടരും...

.

10 comments:

Sarija NS said...

മെയ്പോപ് പഴങ്ങളുമായ് വീണ്ടും... :)
ഇനി ഇതിന്‍റെ അവസാനം മാതമ്രെ ഞാന്‍ കമന്റ്റൂ

smitha adharsh said...

ചോക്ളിയ്ക്ക് വെളുപ്പു നിറമാണോ?ഞാന്‍ വേറെ എങ്ങനെയൊക്കെയോ ഭാവനയില്‍ കണ്ടു.ചോള്കിക്ക് ജാതിയില്ലാത്തത് നന്നായി...പോസ്റ്റും നന്നായി..

പറഞ്ഞ ഡേറ്റ് നു മുന്നേ പോസ്റ്റ് ഇടുന്നുണ്ടല്ലോ...?

അരുണ്‍ രാജ R. D said...

സരിജ: മേയ്പോപ് പഴങ്ങള്‍ ആദ്യമായാണല്ലോ ഇവിടെ..!? ഈ അദ്ധ്യായത്തിലെ ഫാബിയോ മാസ്റ്റര്‍ക്കും മെഡയ്റക്കും ചോക്ക്ളിയുടെ ഭാവി യാത്രകളില്‍ നിര്‍ണായക സ്ഥാനം വഹിക്കാനുണ്ട്. Engane thonnunnu nilavaaram..?

സ്മിത ടീച്ചര്‍: ടീച്ചറെ spelling mistake തീര്‍ക്കാന്‍ koode time കിട്ടിയില്ല. നേരത്തെയല്ല, 8 മണിക്കൂര്‍ താമസിച്ചു പോയി പോസ്റ്റ് ചെയ്യാന്‍. ഇതില്‍ കാണിക്കുന്ന date acurate അല്ല. ഈ അദ്ധ്യായം എങ്ങനുണ്ട്..?

ബഷീർ said...

ചൊക്ലിയുടെ ഈ നീഗൂഡമായ യാത്ര തുടരട്ടെ.. ഇനിയെന്തൊക്കെ കാണാനിരിക്കുന്നു.. എന്ന ആകാംക്ഷയോടെ..

ഇത്‌ വരെ തല്ല് കിട്ടിയിട്ടില്ല എന്ന് പ്രൊഫൈ ലില്‍ കണ്ടു..സാരമില്ല.. അടുത്തു തന്നെ കിട്ടും.. കിട്ടിയിരിക്കണം.. ആസന്നമായ ആ തല്ലിനു ഇന്നേ ആശംസകള്‍ :)

Sarija NS said...

അരുണ്‍, മുഴുവന്‍ എഴുതാനുള്ള മടികൊണ്ട് പാതിവഴിയില്‍ നിര്‍ത്തിയെ. മനസ്സിലാക്കും ന്ന് വിചാരിച്ചു :(

മെയ്പോപ് പഴങ്ങളുമായ് വീണ്ടും നീയെന്നെ മോഹിപ്പിക്കുന്നു എന്നാ എഴുതാനിരുന്നെ. നന്നായി എഴുതുന്നു നീ. തികച്ചും വിത്യസ്തമായ ഒരു വായന അനുഭവം. ഭാവനയുടെ തലം മാത്രമാണോ ഈ കഥയ്ക്കാധാരം? അതോ വായിച്ച്/അനുഭവിച്ച്/കേട്ടറിഞ്ഞ എന്തെങ്കിലും അംശത്തില്‍ നിന്ന് വളര്‍ത്തിയെടുത്തതോ? ഒത്തിരി വായിച്ചു കൂട്ടിയെങ്കിലും ഒരു യാത്രാ വിവരണത്തിന്‍റെ സത്യസന്ധമായ വിഷ്വല്‍ എഫെക്റ്റ് തോന്നുന്നു ഇതില്‍. ഈ കഥ എന്നെ അത്ഭുതപ്പെടുത്തുന്നു. അരുണിന് സമയമുണ്ടെങ്കില്‍ ഈ കഥയുടെ തുടക്കം കേള്‍ക്കാ‍ന്‍ ആഗ്രഹമുണ്ട്

കാവലാന്‍ said...

അരുണ്‍ ആഴമുള്ള ഇടങ്ങള്‍ ഉള്ളിലുണര്‍ത്തുന്നൊരു ഭാവം താങ്കളുടെ കുറിപ്പുകള്‍ പകരുന്നു.തിരിഞ്ഞു പോന്നാലും വീണ്ടും ഒന്നു കൂടി എത്തിനോക്കാനുള്ള വ്യഗ്രതയുണര്‍ത്താന്‍ തക്കവിധമുള്ള വിവരണങ്ങള്‍.
നല്ല ഭാവനാ ശേഷിയുണ്ടെന്നു കരുതുന്നു തുടരുക..... ആശംസകള്‍.

മച്ചുനന്‍/കണ്ണന്‍ said...

അപാരം, അടിപൊളി,ഉദാത്തം,മനോഹരം. സൂപ്പര്‍,കിടിലന്‍,അന്യായം..

ആ ചൊക്ലി ആയി ജനിച്ചാ മതിയായിരുന്നു...
എത്രയെത്ര പ്രദേശങ്ങള്‍ കാണാമായിരുന്നു..

PIN said...

ലളിതമായ കഥാകഥന ശൈലി..മനോഹരമാകുന്നുണ്ട്‌...
ആശംസകൾ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അസൂയ തോന്നുന്നു..
അടുത്ത അദ്ധ്യായങ്ങള്‍ക്ക് കാത്തിരിക്കുന്നു.

അരുണ്‍ രാജ R. D said...

ബഷീറിക്ക :ബഷീറിക്കാ..,ഉടനെ തന്നെ തല്ലു കിട്ടുമെന്നാണോ..? :( ചൊക്ലിയെ വായിക്കുന്നുണ്ടല്ലോ..തല്ലു തന്നാലും കുഴപ്പമില്ല...:)
സരിജ: ഭാവന മാത്രമല്ല.നമുക്ക് ചുറ്റുമുള്ള പലതിനും രൂപാന്തരം സഭവിക്കുന്നു എന്നേയുള്ളു..! ഞാന്‍ ബ്രസിലില്‍ പോയിട്ടില്ല കേട്ടോ.. എനിക്ക് ഓര്‍ക്കുട്ടില്‍ ബ്രസീലിയന്‍ കൂട്ടുകാര്‍ ഉണ്ട്. അതില്‍ ഒരാളുടെ പേര് തന്നെയാണ് കരോലീന (ആരോടും പറയണ്ടാ ട്ടോ ). ഈ കഥ എങ്ങനെ ഉണ്ടായി എന്നെനിക്കും അറിയില്ല. വ്യത്യസ്തത മനസ്സില്‍ അന്വേഷിച്ചു..ഇതാ കിട്ടിയത്..
കാവലാന്‍:നന്ദി കാവലാന്‍ മാഷെ.ഇനിയും വായിക്കണേ..
കണ്ണന്‍: അതാ എനിക്കും തോന്നുന്നത്.
പിന്‍: നന്ദി പിന്‍
രാമചന്ദ്രന്‍ മാഷ്: ഈ ബ്ലോഗില്‍ താങ്കളുടെ ശ്രദ്ധ പതിഞ്ഞതില്‍ വളരെയേറെ സന്തോഷിക്കുന്നു. ചൊക്ലിയുടെ ജന്മാന്തര യാത്രകള്‍ സ്ഥിരമായി വായിക്കുന്നതില്‍ വളരെയേറെ നന്ദി..