Tuesday, July 29, 2008

അദ്ധ്യായം മൂന്ന്

3

പുഴയും കാലവും കുറെ ഓര്‍മ്മകളും...

അടിമക്കുന്നിന്റെ താഴ്വാരത്തെ കരിമ്പ്‌ പാടത്തിനപ്പുറത്ത് സേറാഡോ പരന്നു കിടന്നു. മങ്ങിയ പച്ച നിറത്തില്‍ കുതിരപുല്ലുകള്‍ മാത്രം വളരുന്ന പുല്‍മേടിനപ്പുറം കാടാണ്. കാടിന്റെ പിറവി അറിയിച്ചു കൊണ്ടു പുല്‍മേടിന്റെ സ്വാഭാവിക അതിര് പോലെ ഒരു തരം നാറുന്ന കുറ്റിച്ചെടികള്‍ വളര്ന്നു നില്‍പ്പുണ്ട്‌. മഞ്ഞ നിറത്തിലുള്ള പൂക്കളാണ് അവയിലെപ്പോഴും. വേനലായിക്കഴിഞ്ഞാല്‍ നീല നിറത്തിലുള്ള കുഞ്ഞു പഴങ്ങളും അവയില്‍ നിറയും. ചിന്‍ ചിലു പക്ഷികളുടെയും, മറ്റു ചില കുഞ്ഞു കിളികളുടെയും കലഹങ്ങളും കലപിലകളും കൊണ്ടു അവിടമാകെ മുഖരിതമാകും. ഭൂമിയില്‍ നിന്നു പൊട്ടി മുളച്ചിട്ടെന്ന പോലെ കാറ്റട്ടകളും, തോടില്ലാത്ത ഒരു ജാതി ഒച്ചുകളും നിലത്തു വീണു ചീയുന്ന നീലപ്പഴങ്ങളില്‍ ഇഴഞ്ഞു നടക്കും. കാലങ്ങളില്‍ പുല്‍ മേടില്‍ നിര്‍ത്താതെ വീശിയടിച്ചു കൊണ്ടിരിക്കുന്ന ഉഷ്ണക്കാറ്റിലാകെ പഴങ്ങളുടെ സുഖമുള്ള ഗന്ധം നിറഞ്ഞു നില്‍ക്കും .

ചിന്‍ ചിലുപ്പക്ഷികളിലെ പെണ്‍കിളികള്‍ മഹാ ആര്‍ത്തിക്കാരികളാണ്. അവയ്ക്ക് എത്ര വിഴുങ്ങിയാലും മതി വരാത്ത വിശപ്പാണ്. ഉച്ച നേരങ്ങളില്‍ കാടിനുള്ളില്‍ നിന്നും പറന്നു വരുന്ന പച്ച നിറമുള്ള ജക്കുക്കാവ പക്ഷികളോടും അവറ്റ കലഹിക്കുകയും പുലഭ്യം പറയുകയും ചെയ്തു കൊണ്ടിരിക്കും.ഇത്ര മാത്രം വിശിഷ്ടമായ എന്ത് വിരുന്നാണ് നാറുന്ന പൊന്തക്കാടുകള്‍ ശല്യക്കാരിക്കിളികള്‍ക്ക് ഒരുക്കി വച്ചിരിക്കുന്നതെന്നറിയാന്‍ പണ്ടൊരിക്കല്‍ ചൊക്ലി ഒന്നു ശ്രമിച്ചു നോക്കിയതാണ്.

ആകാവുന്ന ഉച്ചത്തിലാണ് കുരച്ചു ചാടിയത്. കിളികള്‍ പേടിച്ചു പറന്ന്, കുറച്ചു മാറി പുല്ലു വളരാതെ കിടന്ന ഇത്തിരി നിലത്തു കുന്തി നടന്ന് കലപില കൂട്ടി. അട്ടകളെയും, ഒച്ചുകളെയും മുന്കാലു കൊണ്ടു മാന്തിയെറിഞ്ഞ്, ചാഞ്ഞു കിടന്ന ചില്ലയിലെ മുഴുവന്‍ പഴങ്ങളെയും ഒറ്റയടിക്ക് ചൊക്ലി വെട്ടി വിഴുങ്ങിക്കളഞ്ഞു!. ഒട്ടും രുചി തോന്നിയില്ല. പോരാത്തതിനു തലകറക്കവും, മനംപുരട്ടലും വേണ്ടുവോളം തോന്നി താനും. മൂന്ന് ദിവസ്സമാണ്‌ ചൊക്ലി ഛര്‍ദിയും തല കറക്കവുമായി കഴിച്ചു കൂട്ടിയത്. ഗുരുപിയിലെ തണുത്ത വെള്ളത്തില്‍ നീന്തിക്കുളിച്ചിട്ടും മനംപുരട്ടല്‍ മാറിയില്ല. എങ്കിലും, അതോടെയാണ് സോങ്കയുടെ സ്നേഹത്തിന്റെ ആഴം ചൊക്ലി തിരിച്ചറിഞ്ഞത്. മൂന്ന് ദിവസമാണ്‌, പാവം പണികള്‍ ഒന്നും ചെയ്യാതെ വേവലാതിപ്പെട്ടു നടന്നത്. പനി പിടിച്ചു വിറച്ചു കിടന്ന അവന്റെ കൊച്ചു ദേഹത്തെ ചേര്‍ത്ത് പുണര്‍ന്നാണ് അന്ന് സോങ്ക ഉറങ്ങിയത്. ഗുരുപിയില്‍ നിന്നു അപൂര്‍വമായി കിട്ടുന്ന കമാരോവ് എന്ന പുഴയാമകളുടെ രുചിയേറിയ ഇറച്ചിയാണ് അയാള്‍ ചൊക്ലിയ്ക്കായി നീക്കി വച്ചത്. ഭാഗ്യക്കേടിന്, മനംപുരട്ടല്‍ കൊണ്ടു ഒരു കഷ്ണം പോലും കഴിക്കാനൊത്തില്ല.

ഇങ്ങനെയൊക്കെയുള്ള കുറെ നനുത്ത ഓര്‍മ്മകളെ മാത്രം ശേഷിപ്പിച്ചിട്ട്, പെര്‍ക്യൂട്ട്‌ മരങ്ങളില്‍ നിന്നും കൊഴിഞ്ഞു വീണ പഴുത്തിലകള്‍ക്കൊപ്പം ദിനരാത്രങ്ങളും ഗുരുപീ നദിയില്‍ ഒഴുകിപ്പോകുകയായിരുന്നു. വര്‍ഷങ്ങള്‍ മൂന്നോ നാലോ കടന്നു പോയിരിക്കണം. സോങ്കയോടൊപ്പമുണ്ടായിരുന്ന പോയ വര്‍ഷങ്ങളിലോക്കെയും മനുഷ്യര്‍ക്ക്‌ സമാനമായിരുന്നു ചൊക്ലിയുടെയും ദിനചര്യകള്‍. സോങ്കയ്ക്കൊപ്പം ഉറങ്ങി, സോങ്കയ്കൊപ്പം ഉണര്‍ന്നു, സോങ്കയ്കൊപ്പം ജീവിച്ചു.

പകലിരവുകളുടെ പരിലാലനങ്ങള്‍ ചൊക്ലിയില്‍ യൌവനവും, അതിന്റെ തിളക്കങ്ങളും വച്ചു പിടിപ്പിച്ചു. ഒപ്പം, ബാല്യത്തിന്റെ കൌതുകങ്ങളെ വേരോടെ പിഴുതു മാറ്റുകയും ചെയ്തു. അവന്‍ കരുത്തനും ദൃഢചിത്തനുമായി. വെളുത്തു തിളങ്ങുന്ന പട്ടു രോമങ്ങള്‍ ദേഹമാസകലം വ്യാപിക്കുകയും, കറുത്ത പൊട്ടുകള്‍ കൂടുതല്‍ വ്യക്തമാകുകയും ചെയ്തു. പോര്ടുഗീസ് പ്രഭു കുമാരികളുടെ മാറില്‍ പതിഞ്ഞിരുന്നു, ഒളി കണ്ണിട്ടു അവനെ നോക്കിയ പൂഡില്‍ വംശത്തില്‍ പെട്ട ശ്വാന സുന്ദരികളുടെ വശ്യ നയനങ്ങളും, അടിമകളുടെ ഇടയില്‍ കഴിയുന്ന അദ്ധ്വാന ശീലകളായ പെണ്‍ പട്ടികളുടെ വൈദ്യുതാകര്‍ഷണം നിറഞ്ഞ കടാക്ഷങ്ങളും എന്തു കൊണ്ടോ അവനെ കീഴ്പെടുത്തിയില്ല. ഹൃദയത്തെയും ശരീരത്തെയും പ്രണയത്തിന്റെ അസഹ്യമായ തീഷ്ണാഗ്നിയില്‍ ഇട്ടു പൊള്ളിക്കുന്ന ഋതു മാസങ്ങളിലെ കാമോദ്ദീപകങ്ങളായ പകലിരവുകള്‍ അവനെ സ്പര്‍ശിച്ചില്ല. അഥവാ സ്പര്ശിച്ചെങ്കില്‍ തന്നെ അത് ഒരു ശലഭ ചിറകടി പോലെ മൃദുലവും ആശക്തവുമായിരുന്നു.

സേറാഡോ പുല്‍ മേടില്‍ വളര്ന്നു കിടന്ന, ചൊറിയുന്ന കുതിര പുല്ലുകള്‍ക്കിടയില്‍ പതിയിരുന്നുള്ള മുയല്‍ വേട്ടയ്ക്കും, കരിനത്തകള്‍ ഒട്ടിയിരിക്കുന്ന ഗുരുപിയിലെ വഴുക്കന്‍ പാറകളില്‍ സോങ്കയ്ക്കൊപ്പം കുത്തിയിരുന്നുള്ള മീന്‍ പിടിത്തത്തിനും, പഴയ ഉല്‍സാഹവും അവന് തോന്നിയില്ല. അതെല്ലാം നിത്യേനയുള്ള നിറമില്ലാത്ത തൊഴിലുകള്‍ മാത്രമായി. പണ്ട്, അടിമക്കുന്നിലും, കരിമ്പ്‌ വിളഞ്ഞു കിടന്ന താഴ്വാരങ്ങളിലും അടിമകളുടെ കറുമ്പന്‍ കുട്ടികളുടെ പിന്നാലെ ഓടിക്കളിച്ചു നടന്നതില്‍ എന്തു രസമാണ് തനിക്കുണ്ടായിരുന്നത് എന്ന് ചൊക്ലി കൌതുകത്തോടെ ആലോചിച്ചു. അവര്‍ ഇപ്പോഴും കുട്ടികളാണ്. പക്ഷെ, കളിച്ചു തളരുമ്പോള്‍ അവരുടെ അമ്മമാര്‍ ഓടി വന്നു ഒക്കത്തെടുത്തിരുത്താറില്ല. അടിമകളുടെ പഴങ്കഥകളിലൊന്നിലെ സ്വര്‍ണ്ണം വിളയുന്ന സ്വപ്ന ഭൂമിയെ കുറിച്ചു പറഞ്ഞു കൊടുക്കാറുമില്ല.

പുഴയും കാലവും ഏതാണ്ടൊരു പോലെയാണെന്ന് തോന്നി. പുഴയൊരിക്കലും പിന്നിലെക്കൊഴുകാറില്ല. കാലവും അങ്ങനെ തന്നെ!. ഒഴുകിപ്പോയതൊന്നും തിരികെ കിട്ടാറില്ല, കഴിഞ്ഞു പോയതൊന്നും മടങ്ങി വരാറുമില്ല. എങ്കിലും, കാലം ബാക്കി വെയ്ക്കുന്ന ഓര്‍മ്മകള്‍, പുഴയുടെ അടിത്തട്ടില്‍ ഒഴുകാന്‍ മടിച്ചു മയങ്ങുന്ന ഉരുളന്‍ കല്ലുകള്‍ പോലെയാണ്. ദിന രാത്രങ്ങളുടെ കുത്തൊഴുക്കിലും മനസിന്റെ മടിത്തട്ടില്‍ നാള്‍ക്കുനാള്‍ മിനുസമേറിക്കൊണ്ട് അവ അങ്ങനെ കിടക്കും..!


തുടരും...

14 comments:

അരുണ്‍ രാജ R. D said...

ചൊക്ലിയുടെ ഓര്‍മ്മകളെ അവതരിപ്പിക്കുന്നു.ഒപ്പം അവന്റെ ജീവിത പരിണാമങ്ങളെയും.വായിക്കുമല്ലോ..!

siva // ശിവ said...

ചൊക്ലിയെ ഞാന്‍ ഇഷ്ടപ്പെടുന്നു...അടിമക്കുന്നിന്റെ താഴ്വാരത്തെ കരിമ്പിന്‍ തോട്ടവും പെര്‍ക്യൂട്ട്‌ മരവും ഒക്കെ ഞാന്‍ അറിയുന്നു ഈ വരികളില്‍...ഈ വരികള്‍ തുടര്‍ന്നും എഴുതൂ...

smitha adharsh said...

ചിന്‍ ചിലു, ജക്കു ക്കാവ .....പുതിയ തരം പക്ഷികളെയും....പുതിയ ലോകത്തെയും ഒക്കെ മനസ്സുകൊണ്ട് കാണാന്‍ കഴിഞ്ഞു .ശരിക്കും വേറൊരു ലോകത്തെത്തിയ പ്രതീതി.ശിവ പറഞ്ഞതു പോലെ ഈ ചൊക്ലി പുരാണം വളരെ വളരെ ഇഷ്ടപ്പെടുന്നു...ചോക്ലിയുടെ യാത്ര ഇനിയും തുടരട്ടെ...അറിയാന്‍ ഇനിയും വരാം..

കുട്ടീ,അപ്പൊ word verificataion ഒക്കെ മനസ്സിലായി അല്ലെ? good..

അതിനെ കുറിച്ചു ഞാന്‍ ഒരു സ്റ്റഡി ക്ലാസ് എടുക്കാന്‍ വന്നതായിരുന്നു.അവസരം തന്നില്ല.കഷ്ടമായിപ്പോയി.

Sarija NS said...

മനോഹരമായ ചിത്രങ്ങള്‍ രചിച്ച് നീ ഏത് അത്ഭുത ലോകത്തിലേയ്ക്കാണ് ഞങ്ങളെ കൊണ്ടു പോകുന്നത്?

siva // ശിവ said...

രാജ,

ഒരിക്കല്‍ കൂടി ഞാന്‍ ഇതു വായിക്കുന്നു...ചൊക്ലിയെ ഒരുപാട് ഇഷ്ടമായതിനാലാണ്...ഈ വായനാസുഖത്തിന് നന്ദി...

Unknown said...

Da Arun..

Beautiful Narration..I could feel the Sugarcane Farm and The Serado grass lands

congrats

അരുണ്‍ രാജ R. D said...

>സ്മിത ടീച്ചര്‍ : ഇനിയും വായിക്കുമല്ലോ..ല്ലേ..? ചൊക്ലിയെ നാടായ നാടുകളിലെല്ലാം ഉള്ള മഹാന്മാരായ ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്താന്‍ ശ്രമിച്ചതിനു നന്ദിയുണ്ട് ഒരുപാട്. കാന്താരി ചേച്ചി അങ്ങനെയാ ഇവിടെത്തിയത്.word Verification എന്താണെന്ന് ഇപ്പോഴും അറിയില്ല. പല ബ്ലോഗര്‍മാരെയും ബാധിച്ച Issue ആയതിനാല്‍ NO എന്ന് save ചെയ്യണമെന്നു മനസ്സിലായി. അങ്ങനെ ചെയ്തു..അത്രേള്ളൂ..:)
സിരിജ:സ്വപ്നങ്ങളുടെ മഞ്ഞുകാലം മനസ്സില്‍ സൂക്ഷിക്കുന്ന കൂട്ടുകാരിക്ക് ഈ ലോകവും അപ്രാപ്യമായിരിക്കില്ലല്ലോ..ല്ലേ..?
ശിവേട്ടാ: ചിന്ന ഹള്ളിയില്‍ കണ്ട കാഴ്ചകള്‍ക്ക് മുന്നില്‍ അടിമക്കുന്നും താഴ്വാരവും,സേറാഡോ പുല്‍മേടും ഒന്നുമല്ല...അഭിനന്ദനത്തിനു നന്ദി..
ദിദി:Thank u chetta, Thank u very much.. Read CHOKKLI's journey again..

acoinhas3sides said...

You are putting in fantastic visuals in your story. It is visually ver captivating. Usually, I don't like when animals come in synchrony with humans, but, this is very different. Carry on...

And.... where is your short film? I am waiting for it. Do keep an eye on our blog, we are going to put a short film with complete script, yes, pre-script.

Cheers. Carry on the good work!

ഹരിശ്രീ said...

അരുണ്‍,

നന്നായിരിയ്കുന്നു ...

തുടരട്ടെ...

കരീം മാഷ്‌ said...

എന്റെ ചൊക്ലി സ്നേഹം,
എന്റെ കുറ്റബോധത്തിന്റെ ബാക്കിപത്രമാണ്.
തെരുവുപട്ടികളെ ചൊക്ലിപ്പട്ടിയെന്നു വിളിക്കൽ എല്ലാ ഗ്രാമവാസികളൂടെയും രക്തത്തിലലിഞ്ഞതാവണം.
കൂടെ നടക്കാൻ വരുന്ന ചിക്ലി അടയാളക്കല്ലുകളിൽ പിങ്കാലിലൊന്നുയർത്തി മൂത്രമടയാളം ഉറ്റിക്കുന്നതു പോലെ ആരും പഠിപ്പിക്കാതെ പഠിക്കുന്നത്.
അരുണിന്റെ രചന ഇന്നാണ് വായിച്ചത്.
നന്നായിരിക്കുന്നു.
ബാക്കി കൂടി എഴുതൂ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ വായനാസുഖത്തിന് നന്ദി...

അരുണ്‍ കരിമുട്ടം said...

മോനേ കഴിഞ്ഞകുറേ ദിവസങ്ങള്‍ തിരക്കിന്‍റെതായിരുന്നു.അതാ വായിക്കാന്‍ വൈകിയത്.
അവതരണം ഒരുപാട് നന്നായി വന്നിട്ടുണ്ട് കേട്ടോ...

Anonymous said...

aliya superb aayittundu i like chokli and u r style of writing go ahead dude all the best

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ചൊക്ലിയേക്കാള്‍ കാലന്തരത്തിലുള്ള യാത്രയും സ്ഥലവിവരണങ്ങളും കഥകളും, ഉപകഥകളും നോവലിനെ (എനിക്കിതിനെ ബ്ലോഗെന്നോ, പോസ്റ്റെന്നോ വിളിക്കാനാവില്ല. മുന്നിരയില്‍ നില്‍ക്കുന്ന എന്റെ പ്രിയ നോവലിസ്റ്റുകളിലൊരാളുടെ തുടര്‍ നോവല്‍ മാത്രുഭൂമിയിലോ, കലാകൌമുദിയിലോ വായിക്കുന്ന ആകാംക്ഷയോടെയാണ് ഞാന്‍ വായിക്കുന്നത്). ശ്രദ്ധേയമാക്കുന്നു. എഴുത്തിനെ കുറേക്കൂടി ഗൌരമായിക്കാണൂ.തീര്‍ച്ചയായും മലയാള സാഹിത്യത്തില്‍ താങ്കള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കും.
ആശംസകള്‍...