Friday, August 29, 2008

അദ്ധ്യായം ആറ്

6
ശിശിരത്തിനു ശേഷം..

താഴ്വാരത്തെ ചെരുവില്‍ ഈര്‍പ്പം എപ്പോഴും തങ്ങി നിന്നു. ഇലംബാമേച്ചിയുടെ പിന്നാലെ നടന്നു, കാട്ടു ചേമ്പുകള്‍ വളര്ന്നു കിടന്ന ചോലക്കാടുകളില്‍ എത്തിയപ്പോഴും ഫാബിയോ മാസ്ടറുടെ വാക്കുകള്‍ ചൊക്ലിയുടെ ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു." എനിക്ക് ജാതിയില്ല" എന്ന് ഉച്ചത്തില്‍ ലോകത്തോട്‌ വിളിച്ചു പറയണമെന്ന് തോന്നി.

കഴിഞ്ഞ വര്‍ഷമാണ്‌ ഫാബിയോ മാസ്ടര്‍ മരിച്ചത്. ഉറക്കത്തില്‍ ആയിരുന്നത്രെ മരണം. അപ്പൂപ്പനൊപ്പം അടിമക്കുന്നില്‍ വന്നു കൊണ്ടിരുന്ന കൊച്ചു മെഡയ്റയേയും പിന്നീട് കാണുകയുണ്ടായില്ല. മുന്നിലൂടെ ഒഴുകുന്ന കനാലിനും, കാട്ടു ചെടികള്‍ വളര്ന്നു കാട് പിടിച്ചു കിടന്ന പാഴ് നിലങ്ങള്‍ക്കും, വലിയ വാവലുകള്‍ വിശ്രമിച്ച ജൂട്ടായ്‌ വൃക്ഷത്തിനും അപ്പുറത്ത്, ദൂരെ പോര്ടുഗീസ് ബംഗ്ലാവുകളുടെ ചുമന്ന തലപ്പാവുകള്‍ കണ്ടു. ആ ഓടു മേഞ്ഞ വീടുകളുടെ മുറ്റങ്ങളിലൊന്നില്‍ സ്നേഹവും, സംഗീതവും മാത്രം പകര്ന്നു ജീവിച്ച ഫാബിയോ മാസ്റ്റര്‍ ഉറങ്ങുന്നുണ്ടാകാം. ചൊക്ലി തലയുയര്‍ത്തി, വൃക്ഷ ശാഖികള്‍ക്കിടയിലൂടെ കണ്ട ആകാശത്തിലെ മേഘങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും മാസ്റ്ററുടെ സമാധാന രൂപിയായ ആത്മാവിന്റെ സാനിധ്യമുണ്ടോ എന്ന് വെറുതെ അന്വേഷിച്ചു. ഇല പൊഴിച്ചു നിന്ന വൃക്ഷ ശിഖരങ്ങള്‍ക്കും, നീലപ്പൂക്കള്‍ അണിഞ്ഞു നിന്ന വല്ലികള്‍ക്കുമപ്പുറത്ത് മൂടല്‍ മഞ്ഞല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

"നായകള്‍ ആത്മാക്കളെ ദര്‍ശിക്കുന്നവരാണ്" എന്ന് പറഞ്ഞു പഠിപ്പിച്ച ഇലംബാമേച്ചിയെ ചൊക്ലി സംശയത്തോടെ നോക്കി. കനാലിന്റെ കരിങ്കല്‍ഭിത്തിയോട് ചേര്ന്നു വളരുന്ന കളകള്‍ക്കിടയില്‍ നിന്നു ഒരു തരം വയല്‍ ലില്ലികളെ കിഴവി ശ്രദ്ധയോടെ പിഴുതെടുക്കുന്നുണ്ടായിരുന്നു. മഞ്ഞയില്‍ ചുമന്ന പുള്ളികളുള്ള പുഷ്പങ്ങളുണ്ടാകുന്ന ആ കാട്ടുചെടികളുടെ കിഴങ്ങിനു ഗര്ഭമലസിപ്പിക്കാനുള്ള ശേഷിയുണ്ടെന്നാണ് ഇലംബാ പറഞ്ഞത്.

ഗുരുപിയില്‍ നിന്നു കരിമ്പ്‌ പാടങ്ങളിലേക്ക് ജലമെത്തിക്കാനായി പോര്ടുഗീസുകാര്‍ നിര്മിച്ചതാണത്രെ ആ കനാല്‍. പഴയ കുതിരലായം നില നിന്നിരുന്ന അതേ സ്ഥലത്ത് കൂടെയാണ് അതൊഴുകുന്നത്. ചെരൂബ മരിച്ചതില്‍ പിന്നെ ലായത്തില്‍ കുതിരകള്‍ വാണില്ലത്രേ !. നിലാവുള്ള രാത്രികളില്‍ അവ വിറളി പൂണ്ടു കുതിരക്കാരെ വധിക്കാന്‍ തുടങ്ങി. ഒടുവിലാണ് കനാല്‍ നിര്‍മ്മിക്കാന്‍ പറങ്കികള്‍ ആ പാത തന്നെ തെരഞ്ഞെടുത്തത്. രണ്ടായിരം അടിമകള്‍ പതിനൊന്നു മാസം അദ്ധ്വാനിച്ചിട്ടാണ് ആ കനാല്‍ പൂര്‍ത്തിയായത്. കരിങ്കല്‍ ഭിത്തി കെട്ടാന്‍ മണല്‍ എടുത്ത കുഴിയാണ് പിന്നീട് കനാലില്‍ ഒരു കയമായി രൂപപ്പെട്ടത്. മരണത്തിന്റെ തണുപ്പുള്ള ചുഴികള്‍ ഉള്ളില്‍ സൂക്ഷിച്ചു, ഇരകള്‍ക്കായി കൊതി പൂണ്ടു കാത്തിരിപ്പ്‌ തുടങ്ങിയതോടെ അത് ചെരൂബക്കയം എന്നറിയപ്പെട്ടു തുടങ്ങി.

വന്മരങ്ങളുടെ തലകളെ ഉലച്ചു കൊണ്ടു തണുത്ത കാറ്റ് ചുഴറ്റിയടിച്ചു കൊണ്ടിരുന്നു...! ഗുരുപിയുടെ ഇരു കരകളിലും, അടിമക്കുന്നിന്റെ അടിവാരങ്ങളിലും തഴച്ചു നിന്ന പെര്‍ക്യൂട്ട്‌ മരങ്ങളുടെ അവസാന ഇലയും കൊഴിച്ചു ശീതക്കാറ്റ് ശിശിരത്തെയും കൊണ്ടു പറന്നു പോയി. ഋതു പരിണാമത്തില്‍, വറുതിയുടെ വേനലും കഴിഞ്ഞ്, സാവോ കാര്‍ലോസ്സില്‍ മഴ പെയ്തു തുടങ്ങി. ആകാശ വിതാനത്തില്‍ ഉരുണ്ടു കൂടിയ മേഘങ്ങളില്‍ നിന്നു നേരിയ വെള്ളിനൂല് പോലെ പെയ്തു തുടങ്ങിയ മഴ പിന്നെ പേമാരിയായും, പട്ടണത്തെയാകെ മുക്കിക്കളയുന്ന പ്രളയമായും രൂപാന്തരപ്പെട്ടു. എങ്കിലും, അടിമകള്‍ക്ക് അത് സമൃദ്ധിയുടെ കാലമായിരുന്നു. താഴ്വാരത്തെ ചായ നിര്‍മ്മാണ ശാലകളും, പാടങ്ങളും ഒക്കെ വെള്ളത്തിനടിയിലായത്തോടെ പോര്ടുഗീസ്സുകാര്‍ എല്ലാം നിര്‍ത്തി വച്ചു മടങ്ങിപ്പോകാന്‍ തുടങ്ങി. ഉടമകള്‍ പോയതോടെ അനാഥമായിക്കിടന്ന പാടങ്ങളില്‍ പാതിവിളവെത്തിയിരുന്ന ഉരുളക്കിഴങ്ങും, മരച്ചീനിയും അടിമകള്‍ ഓടി നടന്നു ശേഖരിച്ചു കുടിലുകളില്‍ കൂട്ടി വച്ചു. തോരാതെ പെയ്ത മഴയില്‍ അടിമക്കുന്നില്‍ വലിയ വെള്ളച്ചാലുകള്‍ രൂപപ്പെട്ടു. മൊട്ടക്കുന്നിലെ ഉറച്ച മണ്ണ് അടിമകളുടെ കൈക്കോട്ടുകള്‍ക്ക് വഴങ്ങിത്തുടങ്ങി. അവര്‍ കോരിച്ചൊരിഞ്ഞ മഴയിലും, രാപകല്‍ വ്യത്യാസമിലാതെ അദ്ധ്വാനിച്ച്, പൂഴി പാറിക്കിടന്ന വരണ്ട മണ്ണ് കിളച്ച് മരച്ചീനിയും മധുരക്കിഴങ്ങും വച്ചു പിടിപ്പിച്ചു. മരചീനിത്തണ്ടുകളില്‍ നിന്നും പൊട്ടിയ വെള്ള വേരുകള്‍ പുതു മണ്ണില്‍ കൊതിയോടെ ആഴ്‌ന്നിറങ്ങി വളരാന്‍ തുടങ്ങി. തിളങ്ങുന്ന കുരുന്നുകള്‍ നാമ്പിടുന്നതും, അവ ഇലകളായി വിടരുന്നതും കണ്ടു അടിമകളുടെ ഹൃദയം നിറഞ്ഞു.

മഴയുടെ താണ്ടവം അവസാനിച്ചു. ചെമ്മണ്‍ നിറത്തില്‍ കലങ്ങിയൊഴുകിയ ഗുരുപിയുടെ ഓളപ്പരപ്പിലൂടെ കൊത്ത് പണികള്‍ ചെയ്തു മനോഹരമാക്കിയ ചെറു യാത്രാ നൌകകള്‍ വന്നെത്തി. പ്രളയത്തിന്റെ മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം പോര്ടുഗീസുകാര്‍ മടങ്ങി വരികയായിരുന്നു. ഇറുകിയ കാലുറകളും, വട്ടത്തോപ്പിയും, കോട്ടും ധരിച്ച പുരുഷന്മാരും, പട്ടു കുപ്പായങ്ങള്‍ അണിഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ചെറു സംഘങ്ങള്‍ ആയാണ് അവര്‍ വന്നത്. പ്രളയകാലത്തെ ജലനിരപ്പിനെ ദ്യോതിപ്പിച്ചു കൊണ്ടു താഴ്വാരത്തെ വന്മരങ്ങളുടെ തായ്തടികളില്‍ നേരിയ ചെളിപ്പാട് അപ്പോഴും ബാക്കി നില്‍പ്പുണ്ടായിരുന്നു.

നദിയുടെ ഇക്കരെ, അസ്സായ് പനകള്‍ വളരുന്ന വിജനമായ പറമ്പില്‍ പനയോല വെട്ടാന്‍ പോയ അടിമകളാണ്, തീരത്തെ തളിരിട്ടു തുടങ്ങിയ പെര്‍ക്യൂട്ടു മരങ്ങള്‍ക്കിടയിലൂടെ യജമാനന്മാര്‍ വരുന്നതു ആദ്യം കണ്ടത്. പഞ്ഞി മേഘങ്ങളെ സ്പര്‍ശിച്ചു നിന്ന പന നെറുകകളില്‍ കഷ്ടിച്ച് ഇരിപ്പുറപ്പിച്ചു, കടയ്ക്കല്‍ നിന്ന കെട്ട്യോള്മാരോട് അവര്‍ ആവേശത്തോടെ വിളിച്ചു ചോദിച്ചു;

"യജമാനമാര്‍ എത്തിപ്പോയി..! പണിശാലകള്‍ വെടിപ്പാക്കിയോ..?"

താഴ്വാരത്തെ പ്രളയജലം ഇറങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ അവര്‍ അതെല്ലാം ചെയ്തു കഴിഞ്ഞിരുന്നു. പണിശാലകളുടെ തറകളില്‍ വണ്ടലടിഞ്ഞു കിടന്ന ചെളി അടിച്ച് കഴുകി വൃത്തിയാക്കാന്‍ അവര്‍ കുറച്ചൊന്നുമല്ല പാടു പെട്ടത്. അത്യദ്ധ്വാനത്തിന്റെ കയ്പ്പന്‍ ജീവിതത്തിലേക്ക് ഒരിക്കല്‍ കൂടെ മടങ്ങേണ്ടി വരുമെന്നറിഞ്ഞിട്ടും അടിമകള്‍ ആവശഭരിതരായി. നാലാള്‍ കൂടിയയിടത്തെല്ലാം അവര്‍ യജമാനന്മാരുടെ മടങ്ങി വരവിനെ കുറിച്ചാണ് സംസാരിച്ചത്. നഷ്ടപ്പെട്ടു പോയ അവരുടെ പഴകിയ ദിനചര്യകളുടെ താളം പണിശാലളുരുന്നതോടു കൂടി വീണ്ടെടുക്കാം എന്നവര്‍ കരുതിയിരിക്കണം.

അന്ന് വൈകുന്നേരം, പട്ടു കിടന്ന പാടത്തില്‍ നെടുങ്ങനെ നീണ്ടു പോകുന്ന പോകുന്ന ഒറ്റയടിപ്പാതകളിലൂടെ മെറ്റിസേറുകള്‍ വന്നു. പോര്‍ട്ടുഗീസ്‌ മാടമ്പികളുടെ കൃഷിയും പണിശാലകളും നോക്കി നടത്തുന്നത് മെറ്റിസേറുകളാണ്. വേട്ട നായ്ക്കള്‍ക്കൊപ്പം, അരപ്പട്ടകളില്‍ നിറതോക്കുകലുമായാണ് അവര്‍ വരിക. മെറ്റിസേറുകളുടെ കനല്‍ ചിതറുന്ന നോട്ടങ്ങള്‍ക്ക്‌ മുന്നില്‍ എതോരടിമയും ഭയം കൊണ്ടു വിറച്ചു പോകും..!സാന്ധ്യ വെയിലില്‍, പാവു ബ്രസീലുകളുടെ നീണ്ട നിഴലുകള്‍ വീണു കിടന്ന ചെരിവില്‍ നിന്നു അടിമക്കുന്നിനെ കണ്ട മെറ്റിസേറുകള്‍ അത്ഭുതപ്പെട്ടു. പൊറ്റപ്പുല്ല് പിടിച്ചു പൂഴി പാറിക്കിടന്ന മൊട്ടക്കുന്ന് പച്ചപ്പുതപ്പണിഞ്ഞിരുന്നു. തഴച്ചു നിന്ന മരചീനികള്‍ കൈപ്പത്തി പോലുള്ള വലിയ ഇലകള്‍ വീശി അഭിവാദ്യം ചെയ്യുകയാണെന്ന് തോന്നി. അതിരുകളില്‍ അടിമകള്‍ ഊന്നിയ ഫിജ മരച്ചില്ലകളും വേര് പിടിച്ചു തളിരിട്ടു നിന്നു.

മടങ്ങിപ്പോയ മെറ്റിസേറുകളും, പോര്ടുഗീസു മാടമ്പികളും അന്ന് രാത്രി മുഴുവന്‍ ഉറക്കമിളച്ചു ചര്‍ച്ച ചെയ്തത് അടിമക്കുന്നിനെ കുറിച്ചു മാത്രമായിരുന്നു. ജ്വലിക്കുന്ന സൂര്യന് താഴെ, പാറക്കൂട്ടങ്ങള്‍ ചിതറിക്കിടന്ന കുന്നിന്‍പുറം കൃഷിക്ക് യോജിച്ചതല്ല എന്ന് കണ്ടു പോര്‍ട്ടുഗീസുകാര്‍ പണ്ടേ ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍, അത്രയും ഫല പുഷ്ടിയുള്ള വിശാലമായ ഭൂമി അടിമകള്‍ക്ക് എന്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അവര്‍ അന്ന് ചര്ച്ച ചെയ്തത്. പിറ്റേന്ന് രാവിലെ, അടിമക്കുന്നിലെ, സമാധാനത്തിന്റെ അവസാന നിദ്ര കഴിഞ്ഞു അടിമകള്‍ പതുക്കെ ഉണര്‍ന്നു വരുമ്പോഴേക്കും കുന്നു കയറി മെറ്റിസേറുകള്‍ വന്നു. വൈകുന്നേരത്തോടെ അവര്‍അവിടം വിട്ടു പൊയ്ക്കൊള്ളണം എന്ന പോര്ടുഗീസു മാടമ്പികളുടെ ഉത്തരവ് പാറ പിളര്‍ക്കുന്ന ശബ്ദത്തില്‍ മെറ്റിസേറുകള്‍ വായിച്ചു കേള്‍പ്പിക്കുമ്പോള്‍ കുന്നിന്‍പുറത്തെ കൂരകളില്‍ നിന്നു അലമുറകള്‍ മുഴങ്ങി.

അടിമപ്പെണ്ണുങ്ങളുടെ ദീന രോദനങ്ങളും, പുരുഷന്മാരുടെ യാചനകളും ഒന്നും അവിടെ വിലപ്പോയില്ല. ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന് അടിമകള്‍ ആഗ്രഹിച്ച പകല്‍ കഴിയാറായപ്പോള്‍ കറുത്ത കുതിരകളില്‍ മെറ്റിസേറുകള്‍ വീണ്ടും വന്നു. ചാര നിറമുള്ള വേട്ട നായ്ക്കളും, ബെനിനില്‍ നിന്നു ആയിടെ മാത്രം കൊണ്ടു വന്ന ഉരുക്ക് മുഷ്ടിയുള്ള കാട്ടളന്മാരായ അടിമകളും അവരെ അനുഗമിച്ചു. ആലംബ ഹീനരായ അടിമകള്‍ കൈയില്‍ കിട്ടിയതെന്തോക്കെയോ വാരിക്കെട്ടി, മരച്ചീനികള്‍ തഴച്ചു നിന്ന കുന്നിറക്കത്തിലൂടെ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. എതിര്‍ത്തു നിന്ന മൂന്ന് പേരെ ചങ്ങലയില്‍ ബന്ധിച്ചു, അവര്‍ ചെരൂബക്കയത്തില്‍ എറിഞ്ഞു കളഞ്ഞു. അടിമക്കുന്നില്‍ അവശേഷിച്ച അവസാന അടിമയെയും കുടിയൊഴിപ്പിച്ചാണ് മെറ്റിസേറുകള്‍ അവിടം വിട്ടു പോയത്.

അസ്വസ്ഥതയുടെ പകല്‍ കഴിഞ്ഞു . അസ്തമന സൂര്യന്‍ ഭയപ്പാടോടെ നിബിഡ വനത്തിനു പിന്നിലെ അജ്ഞാത തീരത്തെ അഭയം പ്രാപിച്ചു. പടിഞ്ഞാറന്‍ ചെരുവിലെ ചുമപ്പിന്റെ ഒടുവിലത്തെ കണികയെയും കവര്‍ന്നു, നിരാശയില്‍ നിന്നുയര്‍ന്ന പക്ഷിയെ പോലെ ഇരുട്ട് അടിമക്കുന്നിനെ ആശ്ലേഷിച്ചു. പട്ടു കിടന്ന പാടത്തില്‍ മയങ്ങിക്കിടന്ന"അനാസ്സിയുടെ ചിലമ്പുകള്‍" ഉണര്‍ന്നു തുടങ്ങി. അടിവാരത്തെ കുറ്റാക്കൂരിരുട്ടില്‍, ചെളി നിറഞ്ഞ നാട്ടു വഴികളിലൂടെ നിരാലംബരായ കുറെ കറുത്ത മനുഷ്യര്‍ രാപാര്‍ക്കാന്‍ ഇടമില്ലാതെ അലഞ്ഞു തിരിയുമ്പോഴും, ഭയാനക രാവിനെ പാടിയുറക്കാന്‍ അവ വ്യര്തമായി ശ്രമിച്ചു കൊണ്ടിരുന്നു....


തുടരും ...

Sunday, August 17, 2008

അദ്ധ്യായം അഞ്ച്

5


മേയ്പോപ് പഴങ്ങളുടെ ഓര്‍മ്മകള്‍


നേരം പുലരുന്നതേയുള്ളൂ.നിഗൂഢതകള്‍ ഒളിപ്പിച്ച പുല്‍ മേടിന്റെ മനസ്സു പോലെ താഴ്വാരത്ത് ഇരുട്ട് തങ്ങി നില്‍പ്പുണ്ട്‌. ഇരുള്‍ മായുന്നതറിയാതെ കരിമ്പ്‌ പടത്തിലെ ഇഴുക്കമുള്ള തിട്ടകകളില്‍ അമര്‍ന്നിരുന്നു പെരുച്ചാഴികള്‍ വേരുകള്‍ കടിച്ചു മുറിയ്ക്കുന്നുണ്ടായിരുന്നു. കരിമ്പിന്‍ തലപ്പുകള്‍ നിറയെ ചീവീടുകളാണ്. ചുവന്ന ഉടലുള്ള ചീവീടുകള്‍. "അനാസിയുടെ ചിലമ്പ്" എന്നാണ് അടിമകള്‍ അവയെ വിളിക്കാറ്. ഏതോ റെഡ് ഇന്ത്യന്‍ ദേവതയാണത്രെ അനാസി!. ശാന്തമായൊരു താരാട്ട് പോലെ അവയുടെ ശബ്ദം സാവോ കാര്‍ലോസിന്റെ രാത്രികളെ തലോടി ഉറക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ശീതക്കാറ്റ് അപ്പോഴും മടങ്ങിയിരുന്നില്ല. അത് അങ്ങകലെ പര്‍വത സാനുക്കളിലെവിടെയോ ഉയിര്കൊണ്ട് നിബിഡ വനത്തെയും പുല്‍ മേടിനെയും തഴുകി, കരിമ്പോലകളില്‍ ചുഴറ്റിയടിച്ചു, അടിമക്കുന്നിനെയും മരവിപ്പിച്ചു കടന്നു പൊയ്ക്കൊണ്ടിരുന്നു.

അതിരാവിലെ ഉണര്‍ന്നെണീറ്റ് സോങ്ക കൈകള്‍ തോളില്‍ പിണച്ചു വച്ചു കൊണ്ടു താഴ്വാരത്തെ വിളവെത്തി നില്ക്കുന്ന കരിമ്പുകളെ നോക്കി. അടിമകളുടെ അദ്ധ്വാനവും വ്യഥകളും മധുരം തുളുമ്പുന്ന കരിനീലത്തണ്ടുകളില്‍ സംഭരിച്ചു വച്ചു അവ എഴുന്നു നില്പുണ്ടായിരുന്നു. പാടത്തിന്റെ നടുവിലൂടെ നീണ്ടു കിടന്ന ഇടുങ്ങിയ നാട്ടു വഴിയും കടന്നു ഇലംബാമേച്ചി നടന്നു വരുന്നതു കണ്ടു. മുതുകില്‍ പഴകി പിഞ്ച് തുടങ്ങിയ ഒരു തുകല്‍ സഞ്ചി കിടന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വലംകൈയുടെ ഭാഗമായിക്കഴിഞ്ഞിരുന്ന വഴുതുന്ന വളഞ്ഞ വടിയും കുത്തിപ്പിടിച്ചു, കൂനു ബാധിച്ച കിഴവിയുടെ ഭാരിച്ച കുന്നു കയറ്റം കണ്ടപ്പോള്‍ ശീതക്കാറ്റിന്റെ ചിറകിലേറിയാണ് ഇലംബാമേച്ചി അടിവാരം വരെ വന്നതെന്ന് തോന്നി.

കുട്ടിക്കാലത്തെ ഓര്‍മകളിലും, മുന്‍ തലമുറയില്‍ നിന്നു കേട്ട കഥകളിലെയും ഇലംബാമേച്ചിയുടെ രൂപം അത് തന്നെയായിരുന്നു എന്ന് സോങ്ക ഓര്‍ത്തു. വര്ഷാന്തരങ്ങള്‍ ജരകളുടെ വളര്‍ച്ചയെയും മുരടിപ്പിച്ചിട്ടുണ്ടാകണം. കുന്നിലേക്കുള്ള ഒറ്റയടിപ്പാത കയറി വരാന്‍ കുറെ സമയമെടുത്തു. വടി നിലത്തുറപ്പിച്ച്, കൂനിക്കൂടിയ വൃദ്ധ കിതച്ചു കൊണ്ടു സോങ്കയെ നോക്കി പുഞ്ചിരിച്ചു. തിമിരത്തിന്റെ വെളുത്ത പാടകള്‍ വിഴുങ്ങിത്തുടങ്ങിയ കണ്ണുകള്‍ വിടര്‍ന്നു. നേരിയ രക്തനൂലുകള്‍ നാലു പാടും വേരുകള്‍ പോലെ നേത്ര ഗോളങ്ങളില്‍ പടര്‍ന്നിരുന്നു.

"സോങ്ക ..ഇന്നു നീ ഗിറ്റാര്‍ വില്‍ക്കാന്‍ പോകുന്നില്ലേ...? കിഴവിയുടെ ശബ്ദം വിറച്ചു.

"പോകുന്നുണ്ടല്ലോ ഇലംബാമാമ്മാ..മാമ്മ എവിടെ പോയിട്ട് വരുകയാ വെളുപ്പാന്‍ കാലത്ത്.?"

"നമുക്കങ്ങനെ മഴയും വെയിലുമുണ്ടോടാ?. ഇലംബാടെ നേരം ചോദിച്ചിട്ടാണോ അടിമ പെണ്ണുങ്ങള്‍ക്ക് പേറ്റു നൊവെളവത് ?"

വെറുതെ ചോദിച്ചതാണ്. കോരിച്ചൊരിയുന്ന മഴയത്തും, നട്ടുച്ച വെയിലത്തും, മരം കോച്ചുന്നമഞ്ഞത്തും സാവോ കാര്‍ലോസിന്റെ വഴികളിലൂടെ വടിയും കുത്തിപ്പിടിച്ചു നടന്നു പോകുന്ന ഇലംബാമേച്ചിയെ എത്രയോ തവണ താന്‍ കണ്ടിരിക്കുന്നു..!

പുഞ്ചിരിക്കുക മാത്രം ചെയ്തു.

"സോങ്ക..നിന്റെ ചൊക്ലി ഇവിടെയുണ്ടോ..?"ശീതക്കാറ്റില്‍ ഇളകുന്ന കുടിലിന്റെ ഇറമ്പത്തു കിടന്ന ഇരുപ്പുകല്ലില്‍ കാലും നീട്ടിയിരുന്നാണ് കിഴവി ചോദിച്ചത്.

"ഉണ്ടല്ലോ മാമ്മാ.. ഇന്നലെ സേറാഡോയില്‍ നിന്നു വന്നതില്‍ പിന്നെ എന്തോ ഒരു വല്ലായ്മ അവനെ പിടികൂടിയിട്ടുണ്ടെന്നാ തോന്നുന്നത്. അല്ലെങ്കില്‍ അതി രാവിലെ ഉണരുന്നവനാ.."

ഇലംബാമേച്ചി ചിരിച്ചു. ആ ചിരി പൊട്ടിച്ചിരിയായി.

"ഹയ്ഹോ....!അവന്‍ പേടിച്ചതാ..സെനോപേഡ്രയിലെ ചെരൂബയെ കണ്ടു പാവം ചൊക്ലി പേടിച്ചതാ... പേടിത്തൊണ്ടന്‍"

ചിരി പിന്നെയും നീണ്ടു. ഒരു കൂക്ക് വിളി പോലെ കുന്നിന്‍ പുറത്താകെ ചിരി മുഴങ്ങി. അടിമക്കിന്നിന്റെ പുതിയ പകലിലേക്ക് ആ ചിരി പലരെയും വിളിച്ചുണര്‍ത്തി. കറുമ്പന്‍ കൊച്ചുങ്ങളെയും ഒക്കത്ത് വച്ചു ചില അടിമ പെണ്ണുങ്ങള്‍ കുടിലിനു മുന്നില്‍ വന്നു ജിജ്ഞാസയോടെ എത്തി നോക്കി. സോങ്കയും ചിരിച്ചു. ചൊക്ലിയുടെ ധീരതയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.

കുടിലിനുള്ളില്‍, സോങ്കയുടെ ചാക്ക് പുതപ്പിനടിയില്‍ ചുരുണ്ടു കൂടി സുഖിച്ചുറങ്ങുകയായിരുന്നുവെങ്കിലും, 'പേടിത്തൊണ്ടന്‍' എന്നവനെ വിളിച്ചത് അവന്‍ കേള്‍ക്കാതിരുന്നില്ല. ചൊക്ലി പിടഞ്ഞെഴുന്നേറ്റു. കെളവിയെ ശരിയാക്കണം എന്നാണ് തോന്നിയത്. അതി രാവിലെ കിട്ടിയത് അവഹേളനമാണ്..! ഒട്ടും ഉന്മേഷം തോന്നിയില്ല. വീശിയടിച്ച ശീതക്കാറ്റിന്റെ കുളിരില്‍ പഞ്ഞി രോമങ്ങള്‍ കോരിത്തരിച്ചു നിന്നു. കുരച്ചു കൊണ്ടാണ് വെളിയിലേക്ക് ചാടിയത്. നോക്കിയപ്പോള്‍ സോങ്കയും കള്ളച്ചിരിയും ചിരിച്ചു നില്ക്കുന്നു. അതിനര്‍ത്ഥം താന്‍ ഒരു ഭീരുവാണെന്ന് സോങ്കയും അംഗീകരിച്ചിരിക്കുന്നു.."കൊള്ളാം സോങ്കാ..! നന്നായിരിക്കുന്നു..!". ഗുരുപീ നദിയിലെ മുതലകള്‍ പതുങ്ങിയിരിക്കുന്ന തണുത്ത വെള്ളത്തില്‍ മുങ്ങാം കുഴിയിട്ട് മോറോ പിടിച്ചപ്പോഴും, കാറ്റില്‍ നിന്നു കൂട്ടം തെറ്റി വന്ന ചെന്നായയെ കടിച്ചു ചെരൂബക്കയത്തില്‍ തള്ളിയിട്ടപ്പോഴും ഞാന്‍ ഒരു പേടിത്തൊണ്ടന്‍ ആണെന്നാണല്ലോ സോങ്കയ്ക്ക് തോന്നിയത്..?!.

അവന്‍ ദേഷ്യം തീര്‍ക്കാന്‍ വീടിനു മുന്നില്‍ അപരിചിതയെ കണ്ടിട്ടെന്ന പോലെ കുടിലിനു ചുറ്റും ഓടി നടന്നു കുരച്ചു. താഴ്വാരത്തെ പാവ് ബ്രസീല്‍ മരങ്ങളിലിരുന്നു അണ്ണാന്മാര്‍ ഭീതിയോടെ ചിലച്ചു.

"ചൊക്ലീ...ഇവിടെ വാടാ..ഇതൊന്നു നോക്ക്..!കിഴവി വിളിക്കുകയാണ്‌.അനുനയിപ്പിക്കാന്‍ ഉള്ള വിളിയാണ്. ചൊക്ലീ പതിയെ തിരിഞ്ഞു നോക്കി. പിഞ്ഞിക്കീറിയ തുകല്‍ സഞ്ചിയില്‍ നിന്നും കുറെ തേനൂറുന്ന മേയ്പോപ് പഴങ്ങള്‍ പുറത്തെടുക്കുകയായിരുന്നു ഇലംബാമേച്ചി. മുയലുകള്‍ കഴിഞ്ഞാല്‍ ചൊക്ലിയ്ക്ക് ഏറ്റവും ഇഷ്ടം ആ കുഞ്ഞു പഴങ്ങളെയാണ്. താഴ്വാരത്തെ പാഴ് പുരയിടങ്ങളുടെ വേലികളില്‍ പടര്ന്നു വളരുന്ന മേയ്പോപ് വള്ളികളില്‍ മഞ്ഞു കാലത്ത് മാത്രമാണ്‌ കായ്കളുണ്ടാകുക. ആ കാലത്ത് വള്ളിയുടെ ഓരോ ഇലകള്ക്കടിയിലും കുഞ്ഞു ആപ്പിളുകള്‍ പോലെ ചുമന്ന പഴങ്ങള്‍ തൂങ്ങിക്കിടക്കും. തേനൂറുന്ന ആ പഴങ്ങളെ ചൊക്ലി കുഞ്ഞുന്നാളിലെ ഇഷ്ടപ്പെട്ടു പോയതാണ്. പിന്നീട് കഴിച്ച പഴങ്ങള്‍ക്കൊന്നും ആ സ്വാദ് ഉണ്ടായിരുന്നില്ല.

പഴുത്തു കടുംചുമപ്പാര്‍ന്ന മേയ്പോപ് പഴങ്ങളിലൊന്നു ചൊക്ലി രുചിയോടെ അകത്താക്കുമ്പോള്‍, അവന്റെ കഴുത്തിലെ വെളുത്ത പട്ടു രോമങ്ങളില്‍ വാത്സല്യത്തോടെ തലോടിക്കൊണ്ട് ഇലംബാമേച്ചി പറഞ്ഞു.

"മരണത്തിനപ്പുറവും അറിയുന്നവരാണ് ശ്വാനന്മാര്‍..! ആത്മാക്കളെ ദര്ശിക്കേണ്ടത് അവന്റെ നിയോഗമാണ്. പാവം എന്റെ കൊച്ചു ചൊക്ലി.. ചെരൂബയെ കണ്ടപ്പഴേ പേടിച്ചു പോയി..ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു..!

ഇളംബാമേച്ചിയുടെ വരണ്ട വാക്കുകള്‍ പ്രവചനങ്ങളാണെന്ന് തോന്നി. ധീരത എവിടെയാണ് ചോര്‍ന്നു പോകുന്നത്? ശരീരമാസകലം ഒന്നു വിറച്ചു പോയി. സെനൊപേഡ്രയില്‍ ചാരിയിരുന്ന ചെരൂബയെയാണ് ഓര്മ്മ വന്നത്.

"ചൊക്ലി വാ... നമുക്കു ഒരു സ്ഥലം വരെ പോകാനുണ്ട്". മനസ്സില്‍ ഇട്ടു തന്ന ഭയത്തിന്റെ കുമിളകള്‍ പൊട്ടും മുമ്പെ ഇലംബാമേച്ചി വിളിച്ചു. അടിമക്കുന്നിന്റെ പിന്‍ചെരിവിലെ ചോലക്കാടുകളില്‍ സമൃദ്ധമായി വളരുന്ന മരുന്ന് ചെടികള്‍ ശേഖരിക്കാനാണ് കിഴവി വിളിക്കുന്നതെന്ന് ചൊക്ലിയ്ക്ക് നന്നായി അറിയാം. മുന്‍പും ഇലംബായുടെ കൂടെ അവന്‍ പോയിട്ടുള്ളതാണ്.

പുറുത്തിക്കാടുകള്‍ വകഞ്ഞ് മാറ്റി നടന്നു. അവയുടെ കുഞ്ഞു മുള്ളുകള്‍ ദേഹത്തിലെവിടെയോക്കെയോ താണു തറഞ്ഞിരുന്നു നൊന്തു. ചെരുവിലേക്ക്‌ കുറെ ദൂരമുണ്ട്. വഴിയില്‍ ഇടതൂര്‍ന്നു വളരുന്ന വന്മരങ്ങളുടെ ഇലകളില്‍ നിന്നു മഞ്ഞു തുള്ളികള്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. അവിടെ അങ്ങിങ്ങായിക്കിടന്ന ഈര്‍പ്പമുള്ള പാറക്കൂട്ടങ്ങളില്‍ വള്ളിനാരകങ്ങള്‍ വലിയ കായ്കളും പേറി തളര്‍ന്നു കിടന്നു. കരിയിലകള്‍ വീണു കിടന്ന നനവുള്ള വഴിയിലൂടെ ഇളംബാമേച്ചിയുടെ പിറകെ നടക്കുമ്പോള്‍ ചൊക്ലിയുടെ ഉള്ളില്‍ ബാല്യത്തില്‍ കഴിച്ച മേയ്പോപ് പഴങ്ങള്‍ തേനൂറുന്ന ഓര്‍മ്മകളായി ഉണര്‍ന്നു വരികയായിരുന്നു.

കൊച്ചു മകളെയും തോളിലേറ്റി താഴ്വാരത്തെ കനാല്‍ കടന്നു കുന്നു കയറി വരുന്ന ഫാബിയോ മാസ്റ്ററെയാണ്‌ മനസ്സിലോര്‍ത്തത്. നീണ്ടു വെളുത്ത താടിയും, തടിച്ച ശരീരവുമുള്ള സ്നേഹ നിധിയായിരുന്ന ആ പോര്ടുഗീസു ക്വയര്‍ മാസ്റ്ററായിരുന്നത്രേ സോങ്കയെ ഗിറ്റാര്‍ വായിക്കാന്‍ പഠിപ്പിച്ചത്. അപ്പൂപ്പന്റെ തോളിലിരുന്നു തിളങ്ങുന്ന കഷണ്ടിത്തലയില്‍ കുഞ്ഞു കൈകള്‍ കൊണ്ടു അമര്‍ത്തിപ്പിടിച്ചു, അടിമക്കുന്നു സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്ന മെഡൈറ എന്ന നാലു വയസ്സുകാരിയാണ് ചൊക്ലിയ്ക്ക് ആദ്യമായി മേയ്പോപ് പഴങ്ങള്‍ സമ്മാനിച്ചത്‌. വളരെ പെട്ടെന്നാണ് കൊചു മെഡൈറയും ചൊക്ലിയും ചങ്ങാത്തത്തിലായത്. 'പിശാചിന്റെ വറചട്ടി' എന്ന് അടിമകള്‍ വിശേഷിപ്പിച്ചിരുന്ന ആ കുന്നിന്‍ ചെരിവിലൂടെ കറുത്ത അടിമക്കുട്ടികള്‍ക്കൊപ്പം സ്വര്‍ണ്ണ മുടിയുള്ള മെഡൈറയും പറന്നു നടന്നു. ഒരിക്കല്‍ പാവു ബ്രസീലിന്റെ മഞ്ഞപ്പൂക്കള്‍ വീണു കിടന്ന ചെരിവിലൂടെ ചൊക്ലിയും മെഡൈറയും അടിമക്കുട്ടികളും കളിച്ചു വിയര്‍ത്തു കയറി വരുന്നതു കണ്ടു ഉയരം കുറഞ്ഞൊരു പാറയിലിരുന്നു ഫാബിയോ മാസ്റ്റര്‍ പറഞ്ഞു.

"ഡാ..സോങ്കാ! കുഞ്ഞുങ്ങള്‍ക്ക് മൃഗങ്ങളുടെ ഭാഷയറിയാം. കണ്ടില്ലേ എത്ര പെട്ടെന്നാണ് എന്റെ കൊച്ചു മെഡൈറയും നിന്റെ ചൊക്ലിയും ചങ്ങാത്തത്തിലായത്..!" അത് കേട്ടു, അവരുടെ കളികള്‍ നോക്കിയിരുന്ന സോങ്ക പുഞ്ചിരിച്ചു.

സോങ്കാ...! ഇവനേതാ ജാതി? പാറകളിലും ചെരിവിലും ഓടി നടന്ന ചൊക്ലിയെ വാത്സല്യത്തോടെ നോക്കിക്കൊണ്ടാണ് മാസ്റ്റര്‍ ചോദിച്ചത്.

"ആവോ..! ഡാല്‍മേഷ്യന്‍ എന്ന കാരോള്‍ പറഞ്ഞത്"

"ആര് പറഞ്ഞത്..?"

യജമാനത്തിയും പ്രണയിനിയും ഒരാളാണെന്ന് ഓര്‍ക്കാതെ പറഞ്ഞു പോയതാണ്. മാസ്റ്റര്‍ വല്ലതും മനസ്സിലാക്കിക്കാണുമോ .? ഒരു പേടിയോടെയാണ് സോങ്ക അത് തിരുത്തിയത്.

"കരോലീന കൊച്ചെജമാനത്തിയാ മാസ്റ്റര്‍".

സോങ്കയുടെ നടുക്കം കണ്ടു ഏതോ പോര്ടുഗീസു പ്രണയഗാനത്തിന്റെ ഈരടികള്‍ പരുക്കന്‍ ശബ്ദത്തില്‍ ഉറക്കെ പാടിക്കൊണ്ടാണ് ഫാബിയോ മാസ്റ്റര്‍ വിഷയം മാറ്റിയത്. പിന്നെയെപ്പോഴോ പാട്ടു ഇടയ്ക്ക് വച്ചു നിര്‍ത്തി ഒരു ആത്മഗതമെന്നോണം മാസ്റ്റര്‍ പറഞ്ഞു:-

"ഡാ..സോങ്ക..ഇവന്‍ ഡാല്‍മേഷ്യന്‍ ഒന്നുമല്ല. അവന്റെ കൂര്‍ത്ത ചെവികള്‍ കണ്ടില്ലേ..ഏതോ നാടന്‍ നായയുടെത് പോലെ..ഒരു കാര്യം മനസ്സിലായി.ഇവനേയ്.....ജാതിയില്ല.!"

ചൊക്ലിയുടെ ഓര്‍മ്മകളില്‍ ഫാബിയോ മാസ്റ്ററുടെ കുസൃതി നിറഞ്ഞ പുഞ്ചിരി തെളിഞ്ഞു നിന്നു. മേയ്പോപ് പഴങ്ങളുടെ മാധുര്യത്തോടൊപ്പം മായാത്ത കുറെ ഓര്‍മ്മകള്‍ പിന്നെയും തെളിഞ്ഞു വരുമ്പോഴേക്കും അടിവാരത്തെ ചോലക്കാടും അതിനപ്പുറത്തെ കനാലും കണ്ടു തുടങ്ങി. തേടി വന്ന ഏതോ അപൂര്‍വ മൂലികകളിലൊന്നു കണ്ടതിന്റെ ആവേശത്തില്‍ ഇലംബാമേച്ചി വേഗത്തില്‍ ചെരുവിറങ്ങാന്‍ തുടങ്ങി.


തുടരും...

.

Thursday, August 7, 2008

അദ്ധ്യായം നാല്


4



പ്രേതമുറങ്ങുന്ന സെനോപേഡ്രകള്‍

സെരാഡോ പുല്‍ മേടിന്റെ അവസാനത്തില്‍, നാറുന്ന കുറ്റിക്കാടിനു തൊട്ടിപ്പുറത്ത്, രണ്ടു പാറകള്‍ മുഖത്തോടു മുഖം നോക്കി ഇരുന്നു. അവയുടെ മുഖങ്ങള്‍ക്കിടയിലൂടെ പിന്നിലെ മഞ്ഞപ്പൂക്കള്‍ അണിഞ്ഞു നില്ക്കുന്ന പൊന്തക്കാടും, അതിനും പിന്നില്‍ കപൂചിന്‍ കുരങ്ങന്‍മാരുടെ താവളമായ വലിയ റബര്‍ മരങ്ങളും കാണാം. ആകാശത്തു നിന്നു ആരോ വലിച്ചെറിഞ്ഞ പോലെ ആണ് അവയുടെ ഇരിപ്പ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടന്ന ഹരിതാഭമായ ആ സമതലത്തില്‍ എങ്ങും തന്നെ വേറെ കരിമ്പാറകളേ ഇല്ലായിരുന്നു. "മുഖം നോക്കികള്‍" എന്നര്ത്ഥം വരുന്ന 'സെനോപേഡ്ര' എന്ന പേരു തന്നെയാണ് പോര്‍ട്‌ഗീസുകാരും അവയ്ക്ക് ചാര്‍ത്തിക്കൊടുത്തത്. മുഖം നോക്കിപ്പാറകള്‍ക്ക് ചുറ്റുമുള്ള പുല്ലു വളരാത്ത ചെമ്മണ്‍തറയില്‍ ഒരിനം കരിയനെറുമ്പുകളുടെ ഉയരമുള്ള പുറ്റുകള്‍ കാണാം. വല്ലാത്ത വേദനയാണ് അവയുടെ കടിക്ക്.! അടി മുടി പൊള്ളൂമ്പോലെ നീറും.

സെനോപേഡ്രകളില്‍ ഒന്നു ഒരിത്തിരി വലുതാണ്‌. ആ പാറയുടെ പിന്നിലെ ഇടുങ്ങിയ വിള്ളലില്‍ നിന്നു ആല്‍ വര്‍ഗ്ഗത്തില്‍ പെട്ട, ശിഖര സമ്പന്നയായ ഒരിനം ചെറുമരം പൊങ്ങി വളര്ന്നു, രണ്ടു പാറകള്‍ക്കും മുകളില്‍ ഒരു കുട പോലെ നിന്നു. അതിന്റെ ഉരുളന്‍ വേരുകള്‍ ഇറുകിപ്പടര്‍ന്ന്, കരിമ്പാറയില്‍ ഞരമ്പുകള്‍ പോലെ പിടച്ചു നിന്നു.

"ഭൂമിയുണ്ടായ കാലം മുതല്‍ക്കു തന്നെ സേറാഡോ പുല്‍മേടിന്റെ അറ്റത്തുപാറകള്‍ മുഖം നോക്കിയിരുപ്പുണ്ടായിരുന്നു."

രാവിന്റെ നേര്‍ത്ത നിഴലുകള്‍ പോലെ, അടിമക്കുന്നിലെമ്പാടും ഓടി നടന്ന കുസൃതികളായ കറുമ്പന്‍ കുട്ടികളോട് വയറ്റാട്ടിത്തള്ള, ഇലംബാമേച്ചി അങ്ങനെയാണ് പറഞ്ഞത്. സാവോ കാര്‍ലോസിലെ അടിമകളുടെ ഇന്നു ജീവിക്കുന്ന മൂന്ന് തലമുറയേയും പീഡനങ്ങളുടെ സൂര്യ പ്രകാശത്തിലേക്ക് വലിച്ചു പുറത്തിട്ടതിന്റെ ഏക ഉത്തരവാദിയാണ്‌ ഇലംബാമേച്ചി.

അടിമക്കുന്നില്‍, അന്തി വെയിലേറ്റു ഇളം ചൂടു പിടിച്ച ഒരു പാറയില്‍ കാലും നീട്ടിയിരുന്ന് ഇലംബാമേച്ചി കഥ പറഞ്ഞു തുടങ്ങി. താഴെ, കൌതുകം നിറഞ്ഞ കുറെ കൊച്ചു കണ്ണുകള്‍ കിഴവിയെ തന്നെ നോക്കിയിരുന്നു. മിന്നാമിനുങ്ങുകള്‍ പിന്നിലെ പുറുത്തിക്കടുകളില്‍ നിന്നു കൂട്ടത്തോടെ പറന്നു പൊങ്ങുന്നതു വരെ കഥ തുടര്‍ന്നു.

"ഒറ്റയെണ്ണം മുഖം നോക്കിപ്പാറകളുടെ അടുത്ത്‌ പോയെയ്ക്കരുത്. അവിടെയേ, പ്രേതമുണ്ട്...!ചെരൂബയുടെ പ്രേതം..!"

ഇങ്ങനെ, ഭയം വിതയ്ക്കുന്ന മുന്നറിയിപ്പോടെയാണ് ഇലംബാമേച്ചി കഥ നിര്‍ത്തിയത്. അല്ലെങ്കിലും, ഭീതി ജനകമായ കഥകള്‍ മാത്രമേ അല്‍പ വസ്ത്രധാരിയായ ആ കിഴവി പറഞ്ഞിരുന്നുള്ളൂ. കൊരട് പിടിച്ച കുറ്റി വിരലുകളുള്ള കൈകള്‍ വായുവില്‍ വീശി, ഓരോ കഥയും കഴിഞ്ഞു ഇലംബ കുത്തി മറിഞ്ഞു ചിരിക്കും. പഞ്ഞി പോലെ നരച്ച, ചുരുണ്ട മുടികള്‍ കാറ്റില്‍ പറക്കും. പറഞ്ഞ കഥകളെക്കാള്‍, കിഴവിയുടെ വികൃതമായ ചിരിയാണ് അടിമക്കുന്നിലെ കുട്ടികളെ ഭയപ്പെടുത്തിയത്.

ഇലംബാമേച്ചി പറഞ്ഞ കഥ ഏതാണ്ടിങ്ങനെയാണ്;-

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കമാണ്. ടോംബിയര്‍ എന്ന അടിമക്കപ്പല്‍ ആദ്യത്തെ അറുന്നൂറു അടിമകളുമായി സാവോ കാര്‍ലോസിന്റെ കിഴക്കന്‍ തീരത്തു നങ്കൂരമിട്ടു. അവരില്‍ ഒരുത്തന്‍ ആയിരുന്നു ചെരൂബ. ഫ്രാന്‍സിസ്കോ ഫെലിക്സ് ഡിസൂസ എന്ന പോര്ടുഗീസ് അടിമ വ്യാപാരി, അഡന്‍ഡോസന്‍ എന്ന അബിസീനിയന്‍ രാജാവിന് വെടിക്കോപ്പ് പകരം നല്കി വാങ്ങിയവരില്‍ ഒരുത്തന്‍. കാഴ്ചയിലേ ഒരു കാട്ടാളന്‍...!പെരുമാറ്റത്തില്‍ താന്തോന്നി കൂടി ആയിരുന്ന ചെരൂബയെ അടിമക്കുന്നിന്റെ താഴ്വാരത്തെ പഴയ കുതിര ലായത്തില്‍ വിവസ്ത്രനായി, പട്ടിണിക്കിട്ട് മെരുക്കാനാണ് അയാളെ വാങ്ങിയ പറങ്കി മാടമ്പി തീരുമാനിച്ചത്. എന്നാല്‍, വിശപ്പിന്റെയും, അപമാനത്തിന്റെയും പത്താം നാള്‍, ചെരൂബ ലായത്തില്‍ നിന്നു എങ്ങനെയോ രക്ഷപ്പെട്ട് പുല്‍മേടിനപ്പുറത്തെ നിബിഡ വനത്തില്‍ ചേക്കേറിയത്രെ.! പോര്ടുഗീസുകാരും അടിമകളും അയാളുടെ പിറകെ പാഞ്ഞെങ്കിലും ആ ഇരുണ്ട വന മേഖലയിലെവിടെയോ അയാള്‍ അദൃശ്യനായിക്കളഞ്ഞു. പിന്നീട് കുറെ വര്‍ഷങ്ങള്‍ സാവോ കാര്‍ലോസിലെ ആരും ചെരൂബയെ കുറിച്ചു കേള്‍ക്കുകയുണ്ടായില്ല.

പത്തോ പതിഞ്ചോ വര്ഷം കഴിഞ്ഞാണ് ചെരൂബ പുല്‍മേടിലേക്ക് തിരിച്ചു വന്നത്. ചുരുണ്ട മുടിയും താടിയും മുട്ടോളം നീണ്ടു വളര്ന്നു ജഡ പിടിച്ചിരുന്നു. ദേഹമാസകലം രോമാവൃതനായി പുല്‍ മേടിന്റെ വിശാലതയില്‍ അയാള്‍ പൂര്ണ്ണ നഗ്നനായിചുറ്റി നടന്നു. പാറയിലുരച്ചു കൂര്‍പ്പിച്ച കാട്ടുകമ്പുകള്‍ കൊണ്ടു പുല്‍ കാടിനിടയില്‍ പിണഞ്ഞിരിക്കുന്ന വിഷ സര്‍പ്പങ്ങളെയും, മുയലുകളെയും, കുത്തിപ്പിടിച്ചു അയാള്‍ പച്ചയ്ക്ക് ആഹാരമാക്കി. പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, രാവിന്റെ ഭീകര യാമങ്ങളില്‍ പോര്ടുഗീസു ബംഗ്ലാവുകളില്‍ പതുങ്ങിയെത്തി അമ്മമാര്‍ക്കൊപ്പം മയങ്ങുന്ന കുഞ്ഞുങ്ങളെ എടുത്ത്‌ കൊണ്ടു പോയി അയാള്‍ ഭക്ഷിക്കാന്‍ തുടങ്ങിയത്രേ..!അങ്ങനെ, നര ഭോജിയായി മാറിയ ചെരൂബ എന്ന ഭീകര സത്വം സാവോ കാര്‍ലോസിന്റെ രാവുകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി നൂറ്റി ഇരുപതു വയസു വരെ ജീവിച്ചു എന്നാന്നു ഇലംബാമേച്ചി പറഞ്ഞത്. ഈ വര്‍ഷങ്ങളിലൊക്കെയും അയാളെ പിടികൂടാന്‍ പോര്ടുഗീസുകാര്‍ ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും, നിബിഡ വനത്തിലെ കപൂചിന്‍ കുരങ്ങന്മാരുടെ നിഗൂഢ താവളങ്ങളിലെവിടെയോ അയാള്‍ സുരക്ഷിതനായിരുന്നു.

മുഖം നോക്കിപ്പാറകളിലെ, ചെറിയ പാറയോട് ചാരിയിരുന്ന നിലയിലാണ് ചെരൂബ ചത്തു കിടന്നത്. ജഡ പിടിച്ച താടി രോമങ്ങളില്‍ അപ്പോഴും ചോരയുണങ്ങിപ്പിടിച്ചിരുന്നു. മരിച്ചിട്ടും കലിയടങ്ങാതെ, പണ്ടത്തെ അടിമ വ്യാപാരിയുടെ നാലാം തലമുറയില്‍പ്പെട്ട ഒരു പോര്ടുഗീസുകാരനെ, ചെരൂബയുടെ പ്രേതം നെടുകെ വലിച്ചു കീറി ഗുരുപീ നദിയുടെ അക്കരെയുള്ള, ചൂരല്‍കാടുകള്‍ വളര്ന്നു നിന്ന ചതുപ്പില്‍ തല കുത്തനെ കുത്തി നിര്ത്തിയത്രെ. നാലഞ്ചു നാള്‍ കഴിഞ്ഞപ്പോള്‍, പുഴുവരിച്ചു തുടങ്ങിയ ചെരൂബയുടെ ശവത്തെ വിഴുങ്ങാന്‍ മാത്രമായിട്ടെന്ന പോലെ ഒരു തരം വലിയ ശവം തീനി എറുമ്പുകള്‍ പുല്‍മേടിലെവിടെ നിന്നോ പൊട്ടി മുളച്ചു വന്നു തുടങ്ങി. അവ ചെരൂബയുടെ മജ്ജയും, മാംസവും, കടുപ്പമേറിയ അസ്ഥികളെയും കാര്‍ന്നു തിന്നു. പിന്നീട് ഉറുമ്പുകള്‍ പുല്‍മേടിനെ വിട്ടു പോയില്ല. ചെരൂബയുടെ സൂക്ഷ്മ കണങ്ങളെ വലിയ പുറ്റുകളില്‍ സംരക്ഷിച്ചു, സെനോപേഡ്രകള്‍ക്ക് ചുറ്റും മണ്ണ് കൊണ്ടു കുന്നും പര്‍വതങ്ങളും, മറ്റു വിചിത്ര രൂപങ്ങളും സൃഷ്ടിച്ചു അവ നില നിന്നു പോന്നു.

സാവോ കാര്‍ലോസില്‍ തിങ്ങിപ്പാര്‍ത്ത കറുത്തവരും വെളുത്തവരുമായ മനുഷ്യ വംശങ്ങളുടെ ഓര്‍മ്മകളില്‍ ഭയത്തിന്റെ ചിലന്തി വലകള്‍ വിരിച്ചു മുഖത്തോടു മുഖം നോക്കിയിരുന്ന അതേ സെനോപേഡ്രകളുടെ തണലിലാണ് സോങ്കയും കരോലീനയും രഹസ്യമായി കണ്ടുമുട്ടിയിരുന്നത്‌. പ്രേതമുറങ്ങുന്ന പാറകളെക്കാള്‍ പോര്ടുഗീസ് മാടമ്പിമാരുടെ തോക്കിനെയും, വേട്ടപ്പട്ടികളെയും ആണ് അയാള്‍ പേടിച്ചത്. പോരാത്തതിന് പരദൂഷണക്കാരികളായ അടിമ പെണ്ണുങ്ങളുടെ ഏഷണിയെയും അയാള്‍ ഭയപ്പെട്ടു. പ്രത്യേകിച്ച് അയാളോട് മോഹം പൂണ്ടു നടന്ന മിഷാലയെ.

കരിമ്പ്‌ പാടത്തിലേക്ക് നീളുന്ന പാതയ്ക്ക് അരികിലെ ഒരു കുടിലില്‍ ആണ് മിഷാല, വൃദ്ധനായ അപ്പനുമൊപ്പം താമസിച്ചത്. കുറ്റിപ്പുല്ലുകള്‍ ചൂല് പറ്റി തേഞ്ഞു കിടന്ന വെടിപ്പുള്ള മുറ്റത്തു, ചുവന്ന പൂക്കള്‍ വിരിയുന്ന അസ്സേലിയ തെച്ചികള്‍ വളര്ന്നു നിന്നിരുന്നു. പോര്ടുഗീസു മാടമ്പിമാരുടെ ബംഗ്ലാവുകളില്‍ മാത്രം കാണുന്ന കുറ്റി ചെടികളെ അവള്‍ യജമാനത്തിയോടു കെഞ്ചി വാങ്ങിയതാണ്. കരോലീനയുടെ ഇളയഛന്‍ മാര്‍ക്കോ മൊദെസ്ടൊ ആയിരുന്നു മിഷാലയുടെ യജമാനന്‍. പാവു ബ്രസില്‍ തടികളില്‍ നിന്നും വിലയേറിയ ചുവന്ന ചായം വേര്‍തിരിച്ചെടുക്കുന്ന അയാളുടെ പണി ശാലയില്‍ വെളുപ്പിന് തുടങ്ങുന്ന അദ്ധ്വാനം അന്തിയാകുവോളം നീളും. കുസൃതി കണ്ണുകളും, കൊച്ചു മുഖവുമുള്ള ആ കറുത്ത അടിമപ്പെണ്ണിന്റെ ആത്മാവായിരുന്നു സോങ്ക. അവള്ക്ക് വിശിഷ്ടമായി കിട്ടുന്നതെന്തും സോങ്കയ്ക്ക് സമ്മാനിക്കാന്‍ അവള്‍ കൊതിച്ചു, മത്സരിച്ചു. ഒരിക്കല്‍ പോലും ഒന്നും അയാള്‍ സ്വീകരിച്ചിരുന്നില്ലെങ്കിലും.

***********

സെനോപേഡ്രകള്‍ക്ക് മുകളില്‍ വളര്ന്നു നിന്ന കുള്ളന്‍ മരത്തെയും തണുപ്പിച്ചു അന്തിക്കാറ്റ് വീശി. താഴെ മരത്തണലില്‍ സോങ്കയും കരോലീനയും നിന്നു. അവളുടെ കണ്ണുകളില്‍ ഫിരാ തടാകത്തിലെ മുഴുവന്‍ നീലിമയും ലയിച്ചിരുന്നു. തെക്കന്‍ കാറ്റിന്റെ തണുപ്പില്‍ ചുണ്ടുകള്‍ വിറച്ചു.

പോയ വര്‍ഷങ്ങള്‍ അവരുടെ ബന്ധത്തെ എത്രയോ ദൃഢമാക്കിയിരുന്നു. ശുഭ പ്രതീക്ഷകളുടെ സ്വര്‍ഗ്ഗമരങ്ങള്‍ മാത്രം പൂക്കുന്ന കാലമായിരുന്നു അത്. പുതിയ പുലരികളെ മാത്രം കിനാവ് കണ്ടിരുന്ന കാലം!. പാവ് ബ്രസീല്‍ തടികളില്‍ ഗിറ്റാറുകള്‍ തീര്‍ത്ത്‌ ദൂര ദേശങ്ങളില്‍ കൊണ്ടു നടന്നു വിറ്റു സോങ്ക കുറച്ചൊക്കെ പണം സമ്പാദിച്ചു. ആ മലയോര പ്രദേശങ്ങളില്‍ അങ്ങോളമിങ്ങോളം ഉണ്ടായിരുന്ന കത്തോലിക്കാ ദേവാലയങ്ങളിലെ പാതിരിമാരും, ഉള്‍നാടുകളിലെ ധനികരായ ചില പോര്ടുഗീസ് പുരോഗമനവാദികളുമാണ് അയാളില്‍ നിന്നു ഗിറ്റാറുകള്‍ വാങ്ങിയത്. കരോലീനയുടെ നിലാവിന്റെ നിറമുള്ള കൈകളിലാണ് അയാള്‍ ആ പണമൊക്കെയും ഏല്‍പ്പിച്ചത്. അവള്‍ക്കാണെങ്കില്‍ സാവോ പൌളോയില്‍ ഉള്ള വല്ല്യമ്മാവനെ മാത്രമായിരുന്നു വിശ്വാസം. അത് കൊണ്ടാണ് അമ്മാവനെ അറിയിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ബംഗ്ലാവിന്റെ തൊട്ടടുത്തുള്ള പംപ്കിന്‍ യാര്‍ഡില്‍ തന്നെ അവര്‍ ഒരു കരിമ്പ്‌ തോട്ടം രഹസ്യമായി സ്വന്തമാക്കിയത്.

കാറ്റ്‌ പിന്നെയും ശക്തമായി.ആന്‍ഡീസ് പരവത നിരകളില്‍ നിന്നും തെക്കോട്ട്‌ വീശിയടിക്കുന്ന കാറ്റാണ്. ഒക്ടോബര്‍ കഴിയാറായിരുന്നു. ശീതക്കാറ്റിന്റെ വരവാണ്. അത് സേറാഡോയില്‍ വളര്ന്നു നിന്ന പുല്‍നാമ്പുകളുടെ അരമുള്ള അരികുകളില്‍ സീല്‍ക്കാരത്തോടെ വീശിയടിച്ചു കൊണ്ടിരുന്നു. പുല്‍ മേടില്‍ ഒരിടത്തു കുത്തിയിരുന്നു ചൊക്ലി സെനോപേഡ്രകളിലേക്ക് നോക്കി. ചിന്‍ ചിലുപ്പക്ഷികള്‍ പൊന്തക്കാടിലേക്ക് ചിലച്ചു കൊണ്ടു പറന്നിറങ്ങുന്നുണ്ടായിരുന്നു. അസ്തമന സൂര്യന്‍ ചിറകറ്റ ഒരു ചുവന്ന പക്ഷിയെ പോലെ സെനോപേഡ്രകള്‍ക്ക് പിന്നിലെ നിബിഡ വനത്തിലേക്ക് ഭീതിയോടെ താണു പോയി. കുള്ളന്‍ മരത്തെ കുലുക്കിക്കൊണ്ട്‌ കാറ്റ്‌ വീണ്ടുമടിച്ചു. അപ്പോള്‍ കരിയനെറുമ്പുകളുടെ പുറ്റുകള്‍ക്കുമപ്പുറത്ത്, ചെറിയ പാറയോട് ചേര്ന്നു ഒരു ഇരുണ്ട രൂപം നടന്നു വരുന്നുണ്ടായിരുന്നു. അത് ചെരൂബയായിരുന്നു...!ദംഷ്ട്രകളില്‍ നിന്നു ചോരയൊഴുകുന്നുണ്ടായിരുന്നു....!

രാവിന്റെ കറുത്ത കരങ്ങള്‍ പകലിനെ എന്ന പോലെ ഭീതി ചൊക്ലിയെ വിഴുങ്ങിക്കളഞ്ഞു. സോങ്കയെയും കരോലീനയെയും ഓര്‍ത്തായിരുന്നു അവന്റെ പേടി മുഴുവന്‍. അവന്‍ പുല്‍ മേടും കടന്നു ഓടി, ആളനക്കമുള്ള കരിമ്പ്‌ പാടത്തില്‍ കുത്തിയിരുന്നു പേടിയോടെ ഓരിയിട്ടു.

പുറുത്തിക്കാടുകളില്‍ പതിഞ്ഞിരുന്ന മിന്നാമിനുങ്ങുകള്‍ ചീറിയടിച്ച ശീതക്കാറ്റിന്റെ തണുപ്പിലും, ഇരുട്ടിനെ കുത്തി നോവിച്ചു കൊണ്ടു കൂട്ടത്തോടെ കുന്നിന്‍ ചെരുവിലേക്ക്‌ പറന്നു പോയി. അന്ന് രാത്രി ചൊക്ലി വല്ലാതെ അസ്വസ്ഥനായിരുന്നു. പകലുകളില്‍ നിബിഡ വനത്തിന്റെ ഇരുണ്ട കോണുകളില്‍ അലഞ്ഞു തിരിഞ്ഞിട്ടു രാത്രിയാമങ്ങളില്‍, സെനോപേഡ്രകളില്‍ ചാഞ്ഞിരുന്നു അന്തിയുറങ്ങാന്‍ എത്തുന്ന ചെരൂബയുടെ പ്രേതത്തെ അവന്‍ മാത്രമേ കണ്ടിരുന്നുള്ളൂ. അടിമക്കുന്നില്‍ ആങ്ങിങ്ങായി കിടന്ന കരിമ്പാറകളില്‍ വലിഞ്ഞു കയറി, താഴെ ഇരുണ്ട സാഗരം പോലെ പരന്നു കിടന്ന പുല്‍ മേടിലേക്ക് നോക്കി ചൊക്ലി മൂളുകയും, മുരളുകയും, പേടിയോടെ ഓരിയിടുകയും ചെയ്തു കൊണ്ടിരുന്നു. അവന് ഉറങ്ങാനേ കഴിഞ്ഞില്ല. ചോരയൊഴുകുന്ന ചെരൂബയുടെ ദംഷ്ട്രകള്‍ അവനെ വീര്‍പ്പു മുട്ടിച്ചു. ഒടുവില്‍, സോങ്കയുടെ ചാക്ക് പുതപ്പിനടിയില്‍ നുഴഞ്ഞു കയറി, ബാല്യത്തിലെന്ന പോലെ ചൊക്ലി അയാളെ പറ്റിച്ചേര്‍ന്നു കിടന്നു.

സുരക്ഷിതത്തിന്റെ ഇളം ചൂടുള്ള ആ കിടപ്പിനു എന്തൊരു സുഖമായിരുന്നു....!

തുടരും...