3
പുഴയും കാലവും കുറെ ഓര്‍മ്മകളും...
അടിമക്കുന്നിന്റെ താഴ്വാരത്തെ കരിമ്പ് പാടത്തിനപ്പുറത്ത് സേറാഡോ പരന്നു കിടന്നു. മങ്ങിയ പച്ച നിറത്തില്‍ കുതിരപുല്ലുകള്‍ മാത്രം വളരുന്ന പുല്‍മേടിനപ്പുറം കാടാണ്. കാടിന്റെ പിറവി അറിയിച്ചു കൊണ്ടു പുല്‍മേടിന്റെ സ്വാഭാവിക അതിര് പോലെ ഒരു തരം നാറുന്ന കുറ്റിച്ചെടികള്‍ വളര്ന്നു നില്‍പ്പുണ്ട്. മഞ്ഞ നിറത്തിലുള്ള പൂക്കളാണ് അവയിലെപ്പോഴും. വേനലായിക്കഴിഞ്ഞാല്‍ നീല നിറത്തിലുള്ള കുഞ്ഞു പഴങ്ങളും അവയില്‍ നിറയും. ചിന്‍ ചിലു പക്ഷികളുടെയും, മറ്റു ചില കുഞ്ഞു കിളികളുടെയും കലഹങ്ങളും കലപിലകളും കൊണ്ടു അവിടമാകെ മുഖരിതമാകും. ഭൂമിയില്‍ നിന്നു പൊട്ടി മുളച്ചിട്ടെന്ന പോലെ കാറ്റട്ടകളും, തോടില്ലാത്ത ഒരു ജാതി ഒച്ചുകളും നിലത്തു വീണു ചീയുന്ന നീലപ്പഴങ്ങളില്‍ ഇഴഞ്ഞു നടക്കും. ആ കാലങ്ങളില്‍ പുല്‍ മേടില്‍ നിര്‍ത്താതെ വീശിയടിച്ചു കൊണ്ടിരിക്കുന്ന ഉഷ്ണക്കാറ്റിലാകെ പഴങ്ങളുടെ സുഖമുള്ള ഗന്ധം നിറഞ്ഞു നില്‍ക്കും .
ചിന്‍ ചിലുപ്പക്ഷികളിലെ പെണ്‍കിളികള്‍ മഹാ ആര്‍ത്തിക്കാരികളാണ്. അവയ്ക്ക് എത്ര വിഴുങ്ങിയാലും മതി വരാത്ത വിശപ്പാണ്. ഉച്ച നേരങ്ങളില്‍ കാടിനുള്ളില്‍ നിന്നും പറന്നു വരുന്ന പച്ച നിറമുള്ള ജക്കുക്കാവ പക്ഷികളോടും അവറ്റ കലഹിക്കുകയും പുലഭ്യം പറയുകയും ചെയ്തു കൊണ്ടിരിക്കും.ഇത്ര മാത്രം വിശിഷ്ടമായ എന്ത് വിരുന്നാണ് നാറുന്ന ആ പൊന്തക്കാടുകള്‍ ശല്യക്കാരിക്കിളികള്‍ക്ക് ഒരുക്കി വച്ചിരിക്കുന്നതെന്നറിയാന്‍ പണ്ടൊരിക്കല്‍ ചൊക്ലി ഒന്നു ശ്രമിച്ചു നോക്കിയതാണ്.
ആകാവുന്ന ഉച്ചത്തിലാണ് കുരച്ചു ചാടിയത്. കിളികള്‍ പേടിച്ചു പറന്ന്, കുറച്ചു മാറി പുല്ലു വളരാതെ കിടന്ന ഇത്തിരി നിലത്തു കുന്തി നടന്ന് കലപില കൂട്ടി. അട്ടകളെയും, ഒച്ചുകളെയും മുന്കാലു കൊണ്ടു മാന്തിയെറിഞ്ഞ്, ചാഞ്ഞു കിടന്ന ചില്ലയിലെ മുഴുവന്‍ പഴങ്ങളെയും ഒറ്റയടിക്ക് ചൊക്ലി വെട്ടി വിഴുങ്ങിക്കളഞ്ഞു!. ഒട്ടും രുചി തോന്നിയില്ല. പോരാത്തതിനു തലകറക്കവും, മനംപുരട്ടലും വേണ്ടുവോളം തോന്നി താനും. മൂന്ന് ദിവസ്സമാണ് ചൊക്ലി ഛര്‍ദിയും തല കറക്കവുമായി കഴിച്ചു കൂട്ടിയത്. ഗുരുപിയിലെ തണുത്ത വെള്ളത്തില്‍ നീന്തിക്കുളിച്ചിട്ടും മനംപുരട്ടല്‍ മാറിയില്ല. എങ്കിലും, അതോടെയാണ് സോങ്കയുടെ സ്നേഹത്തിന്റെ ആഴം ചൊക്ലി തിരിച്ചറിഞ്ഞത്. മൂന്ന് ദിവസമാണ്, പാവം പണികള്‍ ഒന്നും ചെയ്യാതെ വേവലാതിപ്പെട്ടു നടന്നത്. പനി പിടിച്ചു വിറച്ചു കിടന്ന അവന്റെ കൊച്ചു ദേഹത്തെ ചേര്‍ത്ത് പുണര്‍ന്നാണ് അന്ന് സോങ്ക ഉറങ്ങിയത്. ഗുരുപിയില്‍ നിന്നു അപൂര്‍വമായി കിട്ടുന്ന കമാരോവ് എന്ന പുഴയാമകളുടെ രുചിയേറിയ ഇറച്ചിയാണ് അയാള്‍ ചൊക്ലിയ്ക്കായി നീക്കി വച്ചത്. ഭാഗ്യക്കേടിന്, മനംപുരട്ടല്‍ കൊണ്ടു ഒരു കഷ്ണം പോലും കഴിക്കാനൊത്തില്ല.
ഇങ്ങനെയൊക്കെയുള്ള കുറെ നനുത്ത ഓര്‍മ്മകളെ മാത്രം ശേഷിപ്പിച്ചിട്ട്, പെര്‍ക്യൂട്ട് മരങ്ങളില്‍ നിന്നും കൊഴിഞ്ഞു വീണ പഴുത്തിലകള്‍ക്കൊപ്പം ദിനരാത്രങ്ങളും ഗുരുപീ നദിയില്‍ ഒഴുകിപ്പോകുകയായിരുന്നു. വര്‍ഷങ്ങള്‍ മൂന്നോ നാലോ കടന്നു പോയിരിക്കണം. സോങ്കയോടൊപ്പമുണ്ടായിരുന്ന ഈ പോയ വര്‍ഷങ്ങളിലോക്കെയും മനുഷ്യര്‍ക്ക് സമാനമായിരുന്നു ചൊക്ലിയുടെയും ദിനചര്യകള്‍. സോങ്കയ്ക്കൊപ്പം ഉറങ്ങി, സോങ്കയ്കൊപ്പം ഉണര്‍ന്നു, സോങ്കയ്കൊപ്പം ജീവിച്ചു.
പകലിരവുകളുടെ പരിലാലനങ്ങള്‍ ചൊക്ലിയില്‍ യൌവനവും, അതിന്റെ തിളക്കങ്ങളും വച്ചു പിടിപ്പിച്ചു. ഒപ്പം, ബാല്യത്തിന്റെ കൌതുകങ്ങളെ വേരോടെ പിഴുതു മാറ്റുകയും ചെയ്തു. അവന്‍ കരുത്തനും ദൃഢചിത്തനുമായി. വെളുത്തു തിളങ്ങുന്ന പട്ടു രോമങ്ങള്‍ ദേഹമാസകലം വ്യാപിക്കുകയും, കറുത്ത പൊട്ടുകള്‍ കൂടുതല്‍ വ്യക്തമാകുകയും ചെയ്തു. പോര്ടുഗീസ് പ്രഭു കുമാരികളുടെ മാറില്‍ പതിഞ്ഞിരുന്നു, ഒളി കണ്ണിട്ടു അവനെ നോക്കിയ പൂഡില്‍ വംശത്തില്‍ പെട്ട ശ്വാന സുന്ദരികളുടെ വശ്യ നയനങ്ങളും, അടിമകളുടെ ഇടയില്‍ കഴിയുന്ന അദ്ധ്വാന ശീലകളായ പെണ്‍ പട്ടികളുടെ വൈദ്യുതാകര്‍ഷണം നിറഞ്ഞ കടാക്ഷങ്ങളും എന്തു കൊണ്ടോ അവനെ കീഴ്പെടുത്തിയില്ല. ഹൃദയത്തെയും ശരീരത്തെയും പ്രണയത്തിന്റെ അസഹ്യമായ തീഷ്ണാഗ്നിയില്‍ ഇട്ടു പൊള്ളിക്കുന്ന ഋതു മാസങ്ങളിലെ കാമോദ്ദീപകങ്ങളായ പകലിരവുകള്‍ അവനെ സ്പര്‍ശിച്ചില്ല. അഥവാ സ്പര്ശിച്ചെങ്കില്‍ തന്നെ അത് ഒരു ശലഭ ചിറകടി പോലെ മൃദുലവും ആശക്തവുമായിരുന്നു.
സേറാഡോ പുല്‍ മേടില്‍ വളര്ന്നു കിടന്ന, ചൊറിയുന്ന കുതിര പുല്ലുകള്‍ക്കിടയില്‍ പതിയിരുന്നുള്ള മുയല്‍ വേട്ടയ്ക്കും, കരിനത്തകള്‍ ഒട്ടിയിരിക്കുന്ന ഗുരുപിയിലെ വഴുക്കന്‍ പാറകളില്‍ സോങ്കയ്ക്കൊപ്പം കുത്തിയിരുന്നുള്ള മീന്‍ പിടിത്തത്തിനും, ആ പഴയ ഉല്‍സാഹവും അവന് തോന്നിയില്ല. അതെല്ലാം നിത്യേനയുള്ള നിറമില്ലാത്ത തൊഴിലുകള്‍ മാത്രമായി. പണ്ട്, അടിമക്കുന്നിലും, കരിമ്പ് വിളഞ്ഞു കിടന്ന താഴ്വാരങ്ങളിലും അടിമകളുടെ കറുമ്പന്‍ കുട്ടികളുടെ പിന്നാലെ ഓടിക്കളിച്ചു നടന്നതില്‍ എന്തു രസമാണ് തനിക്കുണ്ടായിരുന്നത് എന്ന് ചൊക്ലി കൌതുകത്തോടെ ആലോചിച്ചു. അവര്‍ ഇപ്പോഴും കുട്ടികളാണ്. പക്ഷെ, കളിച്ചു തളരുമ്പോള്‍ അവരുടെ അമ്മമാര്‍ ഓടി വന്നു ഒക്കത്തെടുത്തിരുത്താറില്ല. അടിമകളുടെ പഴങ്കഥകളിലൊന്നിലെ സ്വര്‍ണ്ണം വിളയുന്ന സ്വപ്ന ഭൂമിയെ കുറിച്ചു പറഞ്ഞു കൊടുക്കാറുമില്ല.
പുഴയും കാലവും ഏതാണ്ടൊരു പോലെയാണെന്ന് തോന്നി. പുഴയൊരിക്കലും പിന്നിലെക്കൊഴുകാറില്ല. കാലവും അങ്ങനെ തന്നെ!. ഒഴുകിപ്പോയതൊന്നും തിരികെ കിട്ടാറില്ല, കഴിഞ്ഞു പോയതൊന്നും മടങ്ങി വരാറുമില്ല. എങ്കിലും, കാലം ബാക്കി വെയ്ക്കുന്ന ഓര്‍മ്മകള്‍, പുഴയുടെ അടിത്തട്ടില്‍ ഒഴുകാന്‍ മടിച്ചു മയങ്ങുന്ന ഉരുളന്‍ കല്ലുകള്‍ പോലെയാണ്. ദിന രാത്രങ്ങളുടെ കുത്തൊഴുക്കിലും മനസിന്റെ മടിത്തട്ടില്‍ നാള്‍ക്കുനാള്‍ മിനുസമേറിക്കൊണ്ട് അവ അങ്ങനെ കിടക്കും..!
തുടരും...